തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ 13 വയസുകാരന്
Oct 22, 2025, 17:07 IST

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. അഞ്ചുതെങ്ങ് സ്വദേശിയായ 13 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ നേത്ര പരിശോധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം കുട്ടി ജലാശയത്തിലെ വെള്ളം ഉപയോഗിച്ചിട്ടില്ല എന്നാണ് വിവരം. കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കുട്ടിയുടെ വീട്ടിലും പരിസര പ്രദേശങ്ങളിലും പഞ്ചായത്ത് ആരോഗ്യ വകുപ്പ് ക്ലോറിനേഷൻ നടത്തി
നാല് ദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ രക്തപരിശോധനാ ഫലം പോസിറ്റീവായി. തുടർ പരിശോധനകളിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.