സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ ആറ് വയസുകാരിക്ക്
Oct 6, 2025, 15:17 IST

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ കുട്ടിയെ പ്രവേശിപ്പിച്ചു.
ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിലുള്ള കുട്ടികളുടെ എണ്ണം രണ്ടായി. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം ഒൻപതായി.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും അപൂർവമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം ഉണ്ടാകുന്നത്.