അപകടത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 11 പേരും; കണ്ണീർപ്പുഴയായി കുന്നുമ്മൽ വീട്

tanur

താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 11 പേരും. പെരുന്നാൾ അവധിയോടനുബന്ധിച്ച് താനൂർ കുന്നുമ്മൽ സൈതലവിയുടെ കുടുംബവീട്ടിൽ ഒത്തുചേർന്നതായിരുന്നു ഇവർ. സഹോദരങ്ങളായ കുന്നുമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയുമൊക്കെയാണ് കുടുംബ വീട്ടിൽ ഒത്തുചേർന്നത്

കുട്ടികൾ നിർബന്ധിച്ചതോടെയാണ് തൂവൽ തീരത്തേക്ക് പോകാൻ തീരുമാനിച്ചത്. സൈതലവിയാണ് ഇവരെ കട്ടാങ്ങലിൽ എത്തിച്ചത്. ഒരു കാരണവശാലും ബോട്ടിൽ കയറരുതെന്നും നിർദേശിച്ചിരുന്നു. വീട്ടിൽ തിരിച്ചെത്തി ഭാര്യക്ക് ഫോൺ ചെയ്തപ്പോൾ നിലവിളിയാണ് കേട്ടത്. ഓടി സംഭവസ്ഥലത്തേക്ക് എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു

ജാബിറിന്റെ ഭാര്യ ജൽസിയ, മകൻ ജരീർ, സിറാജിന്റെ ഭാര്യ, മക്കളായ നൈറ, റുഷ്ദ, സഹറ, സൈതലവിയുടെ ഭാര്യ സീനത്ത്, മക്കളായ ഷംന, ഹസ്‌ന, സഫ്‌ന എന്നിവരാണ് മരിച്ചത്. പത്ത് മാസം മാത്രം പ്രായമുള്ള സിറാജിന്റെ കുഞ്ഞും മരിച്ചു. ഇനി കുടുംബത്തിൽ അവശേഷിക്കുന്നത് മാതാവും മൂന്ന് ആൺമക്കളും പരുക്കേറ്റ സഹോദരിയും മക്കളും മാത്രമാണ്


 

Share this story