വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ബലമായി തുറക്കാൻ ശ്രമം; മലയാളി യുവാവ് അറസ്റ്റിൽ
കൊച്ചി: ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന ബാത്തിക് എയർ വിമാനത്തിലെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിക്കുകയും അതിന്റെ ജനൽ പാളിക്ക് കേടുപാടുകൾ വരുത്തുകയും ചെയ്ത യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ ജംഷീർ അത്താണിക്കൽ എന്നയാളാണ് പിടിയിലായത്.
ബുധനാഴ്ച രാത്രി 9:30-നും 11:05-നും ഇടയിൽ ബാത്തിക് എയറിന്റെ OD231 വിമാനം പറന്നുയർന്നതിന് ശേഷമായിരുന്നു സംഭവം. യാത്രയ്ക്കിടയിൽ എമർജൻസി വാതിൽ നിർബന്ധപൂർവ്വം തുറക്കാൻ ശ്രമിച്ച ഇയാൾ, സമീപത്തെ ജനൽ പാളി തകർക്കുകയും സഹയാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് വൻ ഭീഷണിയുയർത്തുന്ന രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റമെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. വ്യാഴാഴ്ച പുലർച്ചെ വിമാനം കൊച്ചിയിൽ ഇറങ്ങിയ ഉടൻ തന്നെ കൊച്ചിയിലെ ബാത്തിക് എയർ സെക്യൂരിറ്റി ഇൻ-ചാർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഭീഷണിപ്പെടുത്തൽ, വിമാന സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കൽ, പൊതുജനസുരക്ഷയ്ക്ക് ഭംഗം വരുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിത, എയർക്രാഫ്റ്റ് ആക്ട്, കേരള പോലീസ് ആക്ട് എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
