മൊബൈൽ പൊട്ടിത്തെറിച്ച് എട്ട് വയസ്സുകാരി മരിച്ച സംഭവം; മന്ത്രി രാധാകൃഷ്ണൻ റിപ്പോർട്ട് തേടി
Apr 25, 2023, 11:48 IST

തൃശ്ശൂർ തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസ്സുകാരി മരിച്ച സംഭവത്തിൽ ഇടപെട്ട് മന്ത്രി കെ രാധാകൃഷ്ണൻ. സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടറോട് മന്ത്രി നിർദേശിച്ചു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്
തിരുവില്വാമല പുനർജനി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച ആദിത്യശ്രീ. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ വലിയ ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. മുഖത്തും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റാണ് മരണം സംഭവിച്ചത്.