ഓച്ചിറയിൽ വയോധികയെയും മകനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

train

ഓച്ചിറ റെയിൽവേ സ്‌റ്റേഷന് സമീപത്ത് അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. ശാസ്താംകോട്ട കാരാളിമുക്ക് വേങ്ങ പ്രവണത്തിൽ വസന്ത(65), മകൻ ശ്യാം(45) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. ജനശതാബ്ദി എക്‌സ്പ്രസാണ് ഇവരെ ഇടിച്ചത്. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ്

ശ്യാം കോയമ്പത്തൂരിൽ ജോലി ചെയ്യുകയാണ്. ഇന്നലെ നാട്ടിലെത്തിയ ശ്യാം ഭാര്യ പ്രമീളയെയും മകനെയും മർദിച്ചിരുന്നു. ഇവർ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ശാസ്താംകോട്ട പോലീസ് സ്ഥലത്ത് എത്തിയിരുന്നു. ശ്യാമിനോടും ഭാര്യയോടും ഇന്ന് രാവിലെ സ്‌റ്റേഷനിൽ എത്താൻ നിർദേശിക്കുകയും ചെയ്തു

പുലർച്ചെ നാല് മണിയോടെ വസന്തയും ശ്യാമും വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. പിന്നാലെ വസന്തയെ പ്രമീള വിളിച്ചപ്പോൾ അടുത്ത ഓണം വരെ തങ്ങൾ ഒരിടത്ത് പോകുകയാണെന്നും തിരക്കേണ്ടെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. പിന്നാലെയാണ് ഇരുവരെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്.

Tags

Share this story