ഒരു പദവിയിലിരുന്ന് ഒരിക്കലും നടത്താൻ പാടില്ലാത്ത അഭിപ്രായം; അടൂർ പ്രകാശിനെതിരെ രാജ് മോഹൻ ഉണ്ണിത്താൻ
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അനുകൂല പ്രസ്താവനയുമായി വന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. സ്ഥാനമാനങ്ങളിലുള്ളവർ ഒരിക്കലും വ്യക്തിപരമായ തീരുമാനങ്ങൾ രേഖപ്പെടുത്താൻ പാടില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർക്ക് ഏതെങ്കിലും വിഷയങ്ങളിൽ സ്വന്തമായി അഭിപ്രായമുണ്ടെങ്കിൽ അവർക്ക് അത് ഫോണിൽ വിളിച്ച് അറിയിക്കാമെന്നും അല്ലാത്ത പക്ഷം ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടുമെന്നും ഉണ്ണിത്താൻ പറഞ്ഞു.
ഇത് മുന്നണിയുടെ അഭിപ്രായമാണോ പാർട്ടിയുടേതാണോ എന്ന് സ്വാഭാവികമായും തെറ്റിദ്ധരിക്കപ്പെടും. എന്നാൽ ഇന്ന് അദ്ദേഹം നടത്തിയിട്ടുള്ളത് പാർട്ടിയുടെ മുന്നണിയുടെയോ തീരുമാനമല്ല. പാർട്ടിക്ക് ഒറ്റ അഭിപ്രായമാണുള്ളത്. അത് അതിജീവിതക്കൊപ്പമാണ്. ഉത്തരവാദിത്തമുള്ളവർ പദവിയിലിരുന്ന് വ്യക്തിപരമായ അഭിപ്രായങ്ങൾ നടത്തുമ്പോൾ ആ പദവിക്ക് കൂടിയാണ് ക്ഷീണം വരുത്തുന്നതെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം.
ഒരു പദവിയിൽ ഇരുന്ന് ഒരിക്കലും നടത്താൻ പാടില്ലാത്ത അഭിപ്രായമാണ് അദ്ദേഹം നടത്തിയത്. അത് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഉണ്ണിത്താൻ പറഞ്ഞു. അല്ലാത്ത പക്ഷം അദ്ദേഹം പാർട്ടിക്കും പദവിക്കുമാണ് ക്ഷീണം വരുത്തുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഉണ്ണിത്താൻ വ്യക്തമാക്കി
