ആനന്ദ് ബിജെപി പ്രവർത്തകനല്ല; പട്ടികയിൽ ഉണ്ടായിരുന്നില്ല: മരണം ബിജെപിക്കെതിരെ കുപ്രചരണത്തിന് ഉപയോഗിക്കുന്നുവെന്ന് ബിജെപി
തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവര്ത്തകന് ആനന്ദ് കെ തമ്പിയുടെ മരണത്തിൽ പ്രതികരിച്ച് ബിജെപി നേതൃത്വം. ആനന്ദ് ബിജെപി പ്രവർത്തകനല്ലെന്ന് നേതൃത്വം അറിയിച്ചു. ഒരുകാലത്തും പാർട്ടി പ്രവർത്തകൻ ആയിരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയിൽ ആനന്ദ് ഉണ്ടായിരുന്നില്ലെന്നും നേതൃത്വം വ്യക്തമാക്കി. ഉദ്ധവ് താക്കറെയുടെ ശിവസേനയിലാണ് ആനന്ദ് എന്നും ആനന്ദിന്റെ മരണം ബിജെപിക്കെതിരെ കുപ്രചരണത്തിന് ഉപയോഗിക്കുന്നുവെന്നും നേതൃത്വം ആരോപിച്ചു.
തൃക്കണ്ണാപുരം വാർഡിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന ആനന്ദ് കെ തമ്പിയാണ് ഇന്നലെ ജീവനൊടുക്കിയത്. സ്ഥാനാർഥി ലിസ്റ്റ് വന്നപ്പോൾ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല. ഇതിൽ മനംനൊന്താണ് ആനന്ദ് ജീവനൊടുക്കിയത്. മാധ്യമ സ്ഥാപനങ്ങളിലേക്ക് വാട്സാപ്പിലൂടെ കുറിപ്പ് അയച്ച ശേഷമാണ് ആനന്ദ് ജീവനൊടുക്കിയത്. സ്ഥാനാർഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു.
എന്റെ ഭൗതിക ശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല പക്ഷേ ബിജെപി പ്രവർത്തകരെയും ആർഎസ്എസ് പ്രവർത്തകരെയും ഭൗതിക ശരീരം കാണാൻ പോലും അനുവദിക്കരുത്. എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാൻ ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. മരണത്തിന് തൊട്ടുമുമ്പുവരെയും ഞാനൊരു ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചത്. അതുതന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതെന്ന് കുറിപ്പിൽ പറയുന്നു.
