പാർട്ടി ചർച്ച ചെയ്യും മുമ്പ് സ്ഥാനാർഥി പ്രഖ്യാപനം; പത്തനംതിട്ട ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടി സിപിഎം
പാർട്ടി ചർച്ച ചെയ്യും മുമ്പേ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതിന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. ആറൻമുളയിൽ വീണ ജോർജും കോന്നിയിൽ ജനീഷ് കുമാറും മത്സരിക്കുമെന്ന് മാധ്യമങ്ങളോട് രാജു എബ്രഹാം പറഞ്ഞിരുന്നു. തുടർന്നാണ് സംസ്ഥാന നേതൃത്വം വിശദീകരണം തേടിയത്
സംസ്ഥാന സെന്ററാണ് രാജു എബ്രഹാമിനോട് വിശദീകരണം തേടിയത്. ഏത് ഘടകത്തിൽ ചർച്ച ചെയ്തു, ചർച്ച ചെയ്യും മുമ്പ് മാധ്യമങ്ങളിലൂടെ എന്തിന് സ്ഥാനാർഥികളെ കുറിച്ച് സംസാരിച്ചു തുടങ്ങിയ ചോദ്യങ്ങൾക്ക് ജില്ലാ സെക്രട്ടറി വിശദീകരണം നൽകണം
ആറൻമുളയിൽ വീണയും കോന്നിയിൽ ജനീഷ് കുമാറും മത്സരിക്കുമെന്ന സൂചനയാണ് ഇന്നലെ രാജു എബ്രഹാം നൽകിയത്. കേരളത്തിന്റെ ആരോഗ്യരംഗത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ആളാണ് വീണ ജോർജെന്നും അതുകൊണ്ട് തന്നെ ഏത് മണ്ഡലത്തിൽ നിന്നാലും വിജയിക്കുമെന്നും രാജു എബ്രഹാം പറഞ്ഞിരുന്നു.
