ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചു; കേരളം ചുവപ്പിൽ നിന്ന് യുഡിഎഫിലേക്ക്
തിരുവനന്തപുരം: തുടക്കത്തിലേത് ഒരു സാമ്പിള്‍ പരീക്ഷണം മാത്രമായിരുന്നു എന്ന് വ്യക്തമാക്കി കൈ ‘പിടിച്ച്’ കേരളം. കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടൈണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം യുഡിഎഫ് തരംഗം. നൂറിലധികം സീറ്റുകളിലാണ് യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് മത്സരത്തിനിറങ്ങിയ എല്‍ഡിഎഫ് 40ല്‍ താഴെ സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. എല്‍ഡിഎഫിനെ മുന്നില്‍ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ചാംറൗണ്ടിലും പിന്നില്‍ പോയി. ഇത്തവണ അക്കൗണ്ട് വീണ്ടും തുറക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച എന്‍ഡിഎ ഇപ്പോള്‍ ഒരു മണ്ഡലത്തില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. നേമത്ത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് ലീഡ് ചെയ്യുന്നത്.
നിലവില്‍ പത്തുമന്ത്രിമാര്‍ പിന്നിലാണ്. ഇടതുകോട്ടയില്‍ വരെ കടന്നുകയറിയാണ് യുഡിഎഫിന്റെ പടയോട്ടം. അഞ്ചു ജില്ലകള്‍ തൂത്തുവാരിയാണ് യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. എറണാകുളം, ഇടുക്കി, വയനാട്, പത്തനംതിട്ട അടക്കമുള്ള ജില്ലകളിലാണ് മുഴുവന്‍ സീറ്റുകളിലും യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. എപ്പോഴും ഇടതിനെ കാക്കുന്ന കൊല്ലത്ത് 11 സീറ്റുകളില്‍ 9 ഇടത്തും യുഡിഎഫ് ആണ് മുന്നിട്ടുനില്‍ക്കുന്നത്. കോട്ടയത്ത് 9 സീറ്റുകളില്‍ എട്ടിടത്തും യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്.
തപാല്‍ വോട്ടുകള്‍ എണ്ണുന്ന ഘട്ടത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എന്നാല്‍ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ കഥ മാറുന്ന കാഴ്ചയാണ് കണ്ടത്. പതുക്കെ പതുക്കെ യുഡിഎഫ് കുതിക്കുന്നതാണ് പിന്നീട് ദൃശ്യമായത്. ലീഡ് നില 90 കടന്നതോടെ യുഡിഎഫിന് അനൂകൂലമായ ട്രെന്‍ഡ് നടന്നതായുള്ള വിലയിരുത്തല്‍ വന്നു. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നാണ് കണക്കുകൂട്ടല്‍.
