ആര് കണ്ടില്ലേലും സിസിടിവി കാണും; യുവാവിനെ പിന്തുടർന്ന് കാറിടിച്ച് കൊന്ന മലപ്പുറം സ്വദേശിയും ഭാര്യയും പിടിയിൽ

manoj

ബംഗളൂരുവിൽ ബൈക്ക് യാത്രക്കാരനായ ഭക്ഷണ വിതരണ ജീവനക്കാരനെ കാറിടിച്ച് കൊന്ന കേസിൽ ദമ്പതികൾ അറസ്റ്റിൽ. ദർശൻ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറം സ്വദേശിയും കളരിപ്പയറ്റ് പരിശീലകനുമായ മനോജ് കുമാർ(32) ഭാര്യ ആരതി ശർമ(30) എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബർ 25നാണ് സംഭവം നടന്നത്

റോഡ് അപകടം എന്ന് കരുതിയ സംഭവം സിസിടിവി പരിശോധനയിലാണ് ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. പുട്ടണഹള്ളി ശ്രീരാമ ലേഔട്ടിലാണ് സംഭവം. ബൈക്ക് കാറിന്റെ മിററിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനൊടുവിൽ ക്ഷമാപണം നടത്തിയ ദർശൻ ഭക്ഷണ വിതരണത്തിനായി പോയി. എന്നാൽ മനോജ് കുമാറും ആരതിയും യുവാവിനെ പിന്തുടർന്ന് പോയി ബൈക്കിൽ ഇടിച്ച് വീഴ്ത്തുകയായിരുന്നു

നാട്ടുകാർ ഓടിക്കൂടി ദർശനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദർശന്റെ സഹോദരി സംഭവത്തിൽ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതും സംഭവം കൊലപാതകമാണെന്ന് വ്യക്തമായതും.
 

Tags

Share this story