കാർഷിക സർവകലാശാല വിസി നിയമനം: ഗവർണറുടേത് ജനാധിപത്യവിരുദ്ധ നടപടിയെന്ന് മന്ത്രി റോജി എം. ജോൺ; കടന്നുകയറ്റങ്ങൾ അംഗീകരിക്കാനാകില്ല
തിരുവനന്തപുരം: കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ഗവർണറുടെ നടപടി തികച്ചും ജനാധിപത്യവിരുദ്ധമാണെന്നും ഇത്തരം കടന്നുകയറ്റങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാർ ഔദ്യോഗികമായി സമർപ്പിച്ച മൂന്നംഗ പാനൽ പൂർണ്ണമായും അവഗണിച്ചാണ് ഗവർണർ ഡോ. ടി. സജിത റാണിയെ വൈസ് ചാൻസലറായി നിയമിച്ചത്. സർവകലാശാലകളുടെ അധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിലാണ് നിക്ഷിപ്തമായിരിക്കുന്നത്. എന്നാൽ ചാൻസലർ പദവി ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
സജിത റാണിയുടെ യോഗ്യത എന്താണെന്ന് എനിക്കറിയില്ല. സർക്കാർ നൽകിയ ലിസ്റ്റ് പോലും പരിഗണിക്കാതെയാണ് ഈ നിയമനം നടന്നിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇത്തരം കടന്നുകയറ്റങ്ങൾ ഉണ്ടായപ്പോൾ ശക്തമായി എതിർത്തിരുന്നു, ആ നിലപാട് ഇപ്പോഴും തുടരും. - മന്ത്രി റോജി എം. ജോൺ
കാസർകോട് പടന്നക്കാട് കാർഷിക കോളേജ് ഡീൻ ആയ ഡോ. ടി. സജിത റാണിക്ക് താൽക്കാലിക ചുമതലയാണ് ഗവർണർ നൽകിയിരിക്കുന്നത്. ബി. അശോക് കാർഷിക വകുപ്പിൽ നിന്ന് മാറിയ പശ്ചാത്തലത്തിലാണ് പുതിയ നിയമനം. നിയമനവുമായി ബന്ധപ്പെട്ട് ചില നിയമപരമായ തടസ്സങ്ങളുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
