വഖഫ് ബോർഡ് നിയമനം; സർക്കാരിന് വീഴ്‌ച പറ്റിയിട്ടില്ല: സുപ്രീം കോടതിയിൽ പോയാൽ തിരിച്ചടിയാകുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

Shamsudheen

വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സംസ്ഥാന വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കുന്നു. വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നത് കൂടുതൽ തിരിച്ചടിയുണ്ടാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വഖഫ് ബോർഡുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ഒത്തുകളിയും നടന്നിട്ടില്ലെന്നും ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ പലതും വസ്തുതകൾ മനസ്സിലാക്കാതെയാണെന്നും മന്ത്രി അറിയിച്ചു.

​കഴിഞ്ഞ സർക്കാർ ബോർഡ് അംഗങ്ങളെ നാമനിർദേശം ചെയ്തപ്പോൾ ഇസ്‌ലാമിക് സ്കോളർ, മുത്തവല്ലി, ജോയിന്റ് സെക്രട്ടറി തുടങ്ങിയ വിവിധ ക്വാട്ടകൾ കൃത്യമായി പാലിച്ചിരുന്നില്ല. ഈ രീതിയിൽ വഖഫ് ആക്ട് ലംഘിച്ച് പുനഃസംഘടന നടത്തിയതിനാലാണ് കോടതിയിൽ നിന്ന് ഇത്തരം ഒരു വിധി വന്നത്. മുൻ സർക്കാർ വരുത്തിയ ഈ പിഴവുകൾ തിരുത്താൻ നിലവിലെ സർക്കാർ ആലോചിച്ചുവരുന്നതിനിടയിലാണ് ഹർജികൾ ഹൈക്കോടതിക്ക് മുന്നിലെത്തിയത്. ഈ കേസുകൾ തള്ളിക്കളയണമെന്നാണ് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ ആവശ്യപ്പെട്ടത്.

​തമിഴ്‌നാട് വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചപ്പോൾ അമുസ്‌ലിം അംഗങ്ങളുടെ പേര് നിർദേശിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. സമാനമായ സാഹചര്യത്തിൽ കേരളവും സുപ്രീം കോടതിയിലേക്ക് പോയാൽ അത് തിരിച്ചടിയാവുകയും അമുസ്‌ലിം പ്രാതിനിധ്യം നിർബന്ധമാക്കുന്നതിന് കാരണമാകുകയും ചെയ്യും. നിയമപ്രകാരം വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുക എന്നതാണ് സർക്കാരിന്റെ നിലപാടെന്നും ബോർഡിൽ അമുസ്‌ലിങ്ങളെ ഉൾപ്പെടുത്താൻ സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

​വിഷയത്തിൽ സമസ്ത അടക്കമുള്ള പ്രമുഖ മതസംഘടനകൾക്കും പണ്ഡിതന്മാർക്കും ഉള്ള ആശങ്കകൾ നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെടുത്തുമെന്നും മന്ത്രി എൻ. ഷംസുദ്ദീൻ കൂട്ടിച്ചേർത്തു. 

Tags

Share this story