നിയമനങ്ങൾ യുഡിഎഫിൻ്റെ ഏകകണ്ഠമായ തീരുമാനം; അടൂർ പ്രകാശിൻ്റെ വിമർശനങ്ങൾ തള്ളി കെ. മുരളീധരൻ

കോൺഗ്രസ്സ്

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ വിമർശനങ്ങൾ തള്ളി ആരോ​ഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. നിയമനങ്ങൾ യുഡിഎഫിൻ്റെ ഏകകണ്ഠമായ തീരുമാനമാണെന്നും കെ മുരളീധരൻ വ്യക്തമാക്കി. തങ്ങളോടൊപ്പം മന്ത്രിസഭയിൽ ഇരിക്കേണ്ട വ്യക്തിയായിരുന്നു എം കെ മുനീർ. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ആണ് മത്സരിക്കാതെ ഇരുന്നത്. ഭരണം നിർവഹണം നടത്താൻ കഴിയുമെന്ന് കണ്ടെത്തിയാണ് എം കെ മുനീർ ഭരണ പരിഷ്കരണ കമ്മീഷൻ്റെ അധ്യക്ഷനാക്കാൻ തീരുമാനിച്ചതെന്നും കെ മുരളീധരൻ വ്യക്തമാക്കി.

എഐസിസിയെ അതൃപ്‌തി അറിയിക്കാൻ എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും അവകാശമുണ്ടെന്നും കെ മുരളീധരൻ വ്യക്തമാക്കി. യുഡിഎഫ് യോഗം വിളിച്ചു ചേർക്കുന്നതിൽ അടുത്ത് തന്നെ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് യോഗം വിളിക്കാത്തതിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഭരണപക്ഷത്തിരിക്കുമ്പോൾ പ്രതിപക്ഷത്തിരിക്കുന്ന തിളക്കമാർന്ന വിജയങ്ങൾ ഉണ്ടാകണമെന്നില്ല. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ പൂർണമായി ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല എന്നാണ് വിലയിരുത്തൽ. അത് പൂർണമായും ജനങ്ങളിലേക്ക് എത്തിക്കുമെന്നും പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.

മന്ത്രി ഒ ജെ ജനീഷിനെതിരായ പ്രതിഷേധത്തിലും യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ നടന്ന സംഘർഷങ്ങളിലും കെ മുരളീധരൻ പ്രതികരിച്ചു. 'വാഹനം തകർത്തു എന്ന് മാത്രമല്ല ദേശീയ പതാക പോലും ചുരുട്ടി എറിഞ്ഞു. പി ജയരാജന്റെ തിരിച്ചുവരവോടെ അക്രമ രാഷ്ട്രീയത്തിലേക്ക് സിപിഐഎം തിരികെ പോയി. കഴിഞ്ഞ കുറച്ചു ദിവസമായി കേരളത്തിൽ നടക്കുന്നത് യുവമോർച്ചയുടെ വഴി തടയലാണ്. യൂത്ത് കോൺഗ്രസിനെതിരെയുള്ള പ്രതിഷേധമാണ് മന്ത്രിമാരോട് തീർക്കുന്നത്. അത് കാര്യമായി എടുത്തിരുന്നില്ല. കോൺഗ്രസ് കമ്മിറ്റി ഓഫീസ് ആക്രമിച്ചപ്പോഴാണ് പ്രതിഷേധം ഉണ്ടായത്. ഇന്നലെ നടന്ന സംഘർഷം പിണറായി വിജയന്റെ തിരക്കഥയുടെ ഭാഗമാണെ'ന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസും യുവമോർച്ചയും പ്രതിഷേധത്തിൽ ഇറങ്ങിയപ്പോൾ തങ്ങൾ ഒറ്റപ്പെട്ടു പോകുമോ എന്ന് ഭയപ്പെട്ടുവെന്നും സംഘർഷം നടന്ന് മിനിറ്റുകൾക്കുള്ളിൽ പിണറായി തന്നെ എത്തിയെന്നും കെ മുരളീധരൻ ചൂണ്ടിക്കാണിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോൾ ജയരാജിന്റെ സേവനം ആവശ്യമാണ് എന്ന് മനസ്സിലായി ഇതോടെയാണ് സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുത്തത്. അക്രമം നടത്തി കേരളം കുരുതിക്കളം ആക്കാൻ കഴിയില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ നേരത്തെ യുഡിഎഫ് കൺവീനർ അതൃപ്തി പരസ്യമാക്കിയിരുന്നു. യുഡിഎഫിൽ കൂടിയാലോചനയില്ലെന്നും പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നുമായിരുന്നു വാർത്താസമ്മേളനത്തിൽ അടൂർ പ്രകാശ് തുറന്നടിച്ചത്. ബോർഡ്, കോർപറേഷൻ നിയമനങ്ങൾ നടന്നത് ചർച്ചയില്ലാതെയാണെന്ന് അടൂർ പ്രകാശ് ചൂണ്ടിക്കാണിച്ചു. ഭരണ പരിഷ്‌കാരണ കമ്മീഷൻ അധ്യക്ഷ നിയമനത്തിലും, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി നിയമനത്തിലുമുള്ള അതൃപ്തിയും അദ്ദേഹം വ്യക്കമാക്കി. യുഡിഎഫിൽ യാതൊരു കൂടിയാലോചനയും ഉണ്ടായില്ല. യുഡിഎഫ് യോഗം ചേരാൻ കഴിഞ്ഞില്ല. യോഗം വിളിക്കേണ്ടിയിരുന്നത് ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയായിരുന്നു. ഇതിന് മുഖ്യമന്ത്രി മുൻകൈ എടുത്തില്ല. പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതായിരുന്നു. അതൃപ്തി കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തായിരുന്നു മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് അടൂർ പ്രകാശ് വാർത്താ സമ്മേളനം നടത്തിയത്.

Tags

Share this story