കേരളത്തിലെ വിജയത്തിന്റെ ശിൽപ്പി: കെ സുരേന്ദ്രനെ പ്രശംസിച്ച് പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി നേടിയ വിജയത്തിന്റെ ശിൽപ്പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണെന്ന് പാർട്ടി നേതൃത്വം. ബിജെപി കേരളാ ഘടകത്തിന്റെ ഫേസ്ബുക്ക് പേജിലാണ് സുരേന്ദ്രനെ അഭിനന്ദിച്ചു കൊണ്ട് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽ സുരേഷ് ഗോപി നേടിയ തകർപ്പൻ വിജയത്തിനും കേരളത്തിൽ ബിജെപിയുടെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നിൽ കെ സുരേന്ദ്രൻ എന്ന കരുത്തനായ നേതാവിന്റെ സംഘടക മികവുണ്ടെന്നും കുറിപ്പിൽ പറയുന്നു. 

കുറിപ്പിന്റെ പൂർണരൂപം
തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽ ശ്രീ സുരേഷ് ഗോപി നേടിയ തകർപ്പൻ വിജയത്തിനും ബിജെപിയുടെ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നിൽ കെ. സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ട്. പാർട്ടിയിലെ പ്രവർത്തകരെ ഏകോപിപ്പിച്ചുകൊണ്ട് താഴേത്തട്ടിൽവരെ നീളുന്ന പ്രചാരണപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ അദ്ദേഹത്തിന് സാധിച്ചു. കേരളത്തിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി  കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് സഖ്യം നടത്തിയ നിരന്തര ശ്രമങ്ങളിൽ തന്റെ പാർട്ടി കാര്യകർത്താക്കൾ തളരാതിരിക്കുവാൻ അവരെ മുന്നിൽ നിന്നു നയിച്ച്, ഏവർക്കും പ്രചോദനവും വിജയപ്രതീക്ഷയും നൽകിയത് ശ്രീ കെ. സുരേന്ദ്രനാണ്. സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ച അദ്ദേഹത്തിന്റെ നേതൃത്വം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് മുതൽക്കൂട്ടാകും.

Share this story