തല ലക്ഷ്യം വച്ചാണ് മര്‍ദിച്ചതെന്ന് ഉറപ്പുണ്ടോ; ഗൺമാൻമാരുടെ ജാമ്യാപേക്ഷയിൽ കോടതി: വിധി ചൊവ്വാഴ്ച
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാജീവനക്കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ എസ്ഐടിയോടും പ്രോസിക്യൂഷനോടും ചോദ്യങ്ങളുമായി ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി. തല ലക്ഷ്യം വച്ചാണ് ഗണ്മാന്മാര് മര്‍ദിച്ചതെന്ന് ഉറപ്പുണ്ടോ എന്ന് കോടതി ചോദിച്ചു.
പോലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ മര്‍ദന ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് കണ്ട കോടതി ദൃശ്യങ്ങള്‍ക്ക് വ്യക്തതക്കുറവുണ്ടെന്നും പറഞ്ഞു. തലയ്ക്കടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാനില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതികൾ ജാമ്യാപേക്ഷ നൽകിയ സമയത്ത് ഉണ്ടായിരുന്ന ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾക്ക് പകരം, പിന്നീട് ജാമ്യമില്ലാ വകുപ്പുകൾ പെട്ടെന്ന് കൂട്ടിച്ചേർത്തതിനെയും കോടതി ചോദ്യം ചെയ്തു.
കേസിൽ ഇരുവിഭാഗത്തിന്റെയും വാദം കോടതി വിശദമായി കേട്ടു. ഗണ്മാന്മാരുടെ മര്‍ദനത്തില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ചൊവ്വാഴ്ച വിധി പറയും.
