അരിക്കൊമ്പന്‍ ഹർത്താൽ നിയമവിരുദ്ധം; നോട്ടീസയച്ച് പൊലീസ്; ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു

idukki

ഇടുക്കി: അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ ഇന്ന് നടക്കുന്ന ഹർത്താൽ നിയമവിരുദ്ധമെന്ന് പൊലീസ്. ഹർത്താൽ അനുകൂലികൾക്ക് നോട്ടീസ അയച്ചു.

ഹർത്താൽ മൂലമുണ്ടാകുന്ന കഷ്ട നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഹർത്താൽ നടത്തുന്നവർ ഏറ്റെടുക്കണമെന്നും നോട്ടീസിൽ പറ‍യുന്നു. ഹൈക്കോടതി നിർദേശ പ്രകാരം 7 ദിവസം മുന്‍പ് നോട്ടീസ് നൽകണമെന്ന നിർദേശം പാലിക്കാതെയാണ് ഹർത്താൽ നടത്തുന്നത്. ഇത് നിയമവിരുദ്ധമെന്നാണ് നോട്ടീസിൽ പറയുന്നത്.

ഹർത്താൽ അനുകൂലികൾ ചിന്നക്കനാലിലും പെരിയ കനാലിലും ബോഡി മെട്ടിലുമായി ദേശീയപാത ഉപരോധിക്കുകയാണ്. ഇടുക്കി സിമന്‍റുപാലത്തിലും പ്രതിഷേധം നടക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകളാണ് റോഡ് ഉപരോധിക്കുന്നത്. ബോഡിമേട്ടിൽ വാഹനങ്ങൾ‌ നടയുന്നത് ഇപ്പോഴും തുടരുകയാണ്. ഇതുമൂലം ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.

അതേസമയം, ജനകീയ ഹർത്താലിൽ നിന്നും 3 പഞ്ചായത്തുകളെ ഒഴിവാക്കി. രാജക്കാട്, സേനാപതി, വൈസൺമാലി എന്നീ 3 പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ വിദ്യാർത്ഥികളുടെ പരീക്ഷ കണക്കിലെടുത്താണ് ഒഴിവാക്കാനുള്ള തീരുമാനം വന്നത്. 10 പഞ്ചായത്തുകളിലായി രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ നടക്കുക.

Share this story