അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിലെ ഉൾവനത്തിൽ; ജിപിഎസ് കോളർ വഴി നിരീക്ഷിക്കും
Apr 30, 2023, 08:17 IST

അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിലെ ഉൾവനത്തിൽ തുറന്നുവിട്ടു. സീനിയറോടക്ക് സമീപമാണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. രാത്രി പന്ത്രണ്ട് മണിയോടെയാണ് ദൗത്യസംഘം അരിക്കൊമ്പനുമായി ഉൾവനത്തിൽ എത്തിയത്. കനത്ത മഴയെ തുടർന്ന് വനത്തിനുള്ളിലൂടെയുള്ള യാത്ര ദുഷ്‌കരമായിരുന്നു.
ജനവാസ കേന്ദ്രമായ കുമളയിൽ നിന്നും 23 കിലോമീറ്റർ അകലെയാണ് സീനിയറോട. ആനയുടെ നീക്കങ്ങൾ ജിപിഎസ് കോളറിൽ നിന്നും ലഭിക്കുന്ന സിഗ്നൽ വഴി നിരീക്ഷിക്കാനാകും. ഇതിനുള്ള ക്രമീകരണങ്ങൾ വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. ഉൾവനത്തിൽ ആയതിനാൽ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് കണക്കുകൂട്ടൽ.