കലയാണ് മതം എന്ന് മുഖ്യമന്ത്രി; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ തിരി തെളിഞ്ഞു
തൃശൂരിൽ കലാപൂരത്തിന് തിരിതെളിഞ്ഞു. സംസ്ഥാന സ്‌കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അഞ്ച് നാൾ നീണ്ടുനിൽക്കുന്ന കൗമാര കലാ സംഗമത്തിൽ 25 വേദികളിലായി പതിനയ്യായിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കും. കലയാണ് മതം എന്നും കലാകാരൻമാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു
വലിയ കലാകാരന്മാർക്ക് പോലും പലപ്പോഴും ജാതിയും മതവും വെല്ലുവിളി തീർത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി കലാമണ്ഡലം ഹൈദരാലിക്കുണ്ടായ അനുഭവം ഓർമിപ്പിച്ചു. ദൈവത്തിന്റെ പാട്ടുകളാണ് കഥകളി പദങ്ങളായി അദ്ദേഹം പാടിയിരുന്നത്. നല്ല ഭക്തനുമായിരുന്നു. തന്റേതല്ലാത്ത കാരണത്താൽ മറ്റൊരു മതത്തിൽ പിറന്നതിനാൽ അപമാനിതനാകുന്നത്. അത് ജനാധിപത്യത്തിൽ ചേർന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലയെ മതത്തിന്റെ കണ്ണിൽ ഒതുക്കാൻ ശ്രമിക്കുന്നവർ ഇക്കാലത്തുമുണ്ട്. മുസ്ലീങ്ങൾ ഭരതനാട്യം പഠിക്കരുതെന്നും, ഹിന്ദുക്കൾ ഒപ്പനയിൽ പങ്കെടുക്കരുതെന്നും പറഞ്ഞ് കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നത് നാം കണ്ടതാണ്. ചിലയിടങ്ങളിൽ ക്രിസ്മസ് കാരളിന് നേരെ വരെ ആക്രമണം ഉണ്ടായി. മറ്റു ചിലയിടങ്ങളിൽ ക്രിസ്മസ് അവധികൾ തന്നെ എടുത്തുകളഞ്ഞു.
സിനിമയിലെ കഥാപാത്രങ്ങൾക്ക് രാമനെന്നും സീത എന്നും പേരിടാൻ പോലും കഴിയാത്ത സ്ഥിതിയുണ്ടാകുന്നു. മനുഷ്യനെ തമ്മിൽ അടിപ്പിക്കുന്ന, എല്ലാ ചിദ്ര ആശയങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയർത്തിപ്പിടിക്കാനും സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
