അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും; തീരത്തുള്ളവർ ജാഗ്രത പാലിക്കണം
Jun 2, 2020, 08:57 IST
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. സമീപ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാവിലെ ഏഴ് മണിക്ക് അരുവിക്കര ഡാമിലെ രണ്ടാം നമ്പർ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തിയിരുന്നു. ഷട്ടർ ലെവൽ കൂടുതൽ ഉയർത്താൻ സാധ്യതയുള്ളതിനാൽ സമീപ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ ഫലമായി സംസ്ഥാനത്താകെ വ്യാപകമായ മഴയാണ് ലഭിക്കുന്നത്. ന്യൂനമർദം ഇന്നുച്ചയോടെ നിസർഗ ചുഴലിക്കാറ്റായി മാറും. കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.