അഷ്‌കറിന് പക അഖിലയുടെ അമ്മയോട്: ബന്ധുവിന്റെ വെളിപ്പെടുത്തല്‍

Nedumangad

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി അടുത്ത ബന്ധു. അഖിലയുടെ അമ്മ റീനയോടായിരുന്നു അഷ്‌കറിന് പകയെന്നാണ് ബന്ധു പ്രതികരിച്ചത്. അഖിലയുടെ പേരിലുള്ള സ്ഥലം ആവശ്യപ്പെട്ട അഷ്‌കറിനെ റീന മര്‍ദ്ദിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കുഞ്ഞിനോട് തീര്‍ത്തതെന്നും ബന്ധു പ്രതികരിച്ചു.

'കസേര കൊണ്ട് അടിച്ച ശേഷമാണ് അഷ്‌കറിന് കുഞ്ഞിനോട് വൈരാഗ്യം തുടങ്ങിയത്. കുഞ്ഞിന്റെ ഇരുകൈകളും അഷ്‌കര്‍ ഒടിച്ചതാണെന്ന കാര്യം റീനയ്ക്കും അഖിലയ്ക്കും അറിയാം. അഷ്‌കര്‍ ആദ്യഭാര്യയെ മര്‍ദ്ദിച്ച് കോമയിലാക്കിയ കാര്യവും റീനയ്ക്ക് അറിയാം. ആദ്യ ഭാര്യയുടെ അമ്മയെ വിളിച്ച് മൊഴി ചൊല്ലണമെന്ന് റീന ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിനെ അച്ഛന്റെ വീട്ടുകാര്‍ക്ക് കൈമാറാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുഞ്ഞിനെ നോക്കാന്‍ പ്രതിമാസം 25,000 രൂപയാണ് റീന ആവശ്യപ്പെട്ടത്. കുഞ്ഞിനെ തന്നിരുന്നെങ്കില്‍ വളര്‍ത്തുമായിരുന്നു എന്ന റീനയുടെ പ്രതികരണം നാടകമാണ്', ബന്ധു പറയുന്നു.

പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നെടുമങ്ങാട് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ഒന്നരവയസുകാരന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതി അഷ്‌കറിനെതിരെ പൊലീസ് കൂടുതല്‍ വകുപ്പ് ചുമത്തിയിട്ടുണ്ട്. എസ്‌സി-എസ്ടി അതിക്രമം തടയല്‍ വകുപ്പ് കൂടിയാണ് ചുമത്തിയത്.

അന്വേഷണം തമിഴ്‌നാട്ടിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. കൊലപാതക ദിവസം അമ്മ അഖില നാഗര്‍കോവിലില്‍ എത്തിയോ എന്നത് ഉള്‍പ്പടെ പരിശോധിക്കും. ഇതാനായി ഒരു സംഘം നാഗര്‍കോവിലിലേക്ക് തിരിച്ചിട്ടുണ്ട്.

കുഞ്ഞിന്റെ മരണ കാരണം നെഞ്ചിലേറ്റ ചവിട്ടാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ചവിട്ടില്‍ അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു. തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റു. തലയ്‌ക്കേറ്റ ക്ഷതം അഞ്ചിടത്ത് നീര്‍ക്കെട്ടുണ്ടാക്കിയെന്നും കോടതിയില്‍ പൊലീസ് അറിയിച്ചു. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നാണ് വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

കൊലപാതകത്തില്‍ അഖിലയ്ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പണം തട്ടിയ കേസുകളിലും അഖിലയുടെ ആണ്‍സുഹൃത്ത് അഷ്‌കറിനെതിരെ അന്വേഷണമുണ്ടാകും. സ്ത്രീകളില്‍ നിന്ന് പണം തട്ടല്‍ പ്രതി പതിവാക്കിയിരുന്നുവെന്നാണ് ലഭ്യമായ മൊഴികളില്‍ നിന്ന് പൊലീസിന് വ്യക്തമായത്. വിവാഹ വാഗ്ദാനം നല്‍കി പണം തട്ടുന്നത് സംബന്ധിച്ച പരാതികളാണ് അന്വേഷിക്കുക.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ദാരുണമായി നടന്നത്. ചോറ് കഴിക്കുന്നതിനിടയില്‍ കുഞ്ഞ് ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. ഇതിന് പുറമേ കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളിയതും അടിച്ചതും അടക്കം നൂറോളം വലുതും ചെറുതുമായ പരിക്കുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ പകുതിയും പഴയ മുറിവുകളായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

വിശദമായ ചോദ്യം ചെയ്യലില്‍ അഷ്‌കര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ അഷ്‌കര്‍ മര്‍ദ്ദിച്ചിരുന്നതായി അഖിലയും സമ്മതിച്ചിരുന്നു.

Tags

Share this story