ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നേതാക്കളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിർദ്ദേശം
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റ് തുടരാൻ പൊലീസ്. നിലവിൽ 18 പേരാണ് അറസ്റ്റിലായത്. സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി.ബിനു ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലുള്ളത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
കൂടുതൽ നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. സംസ്ഥാന നേതാക്കളെ പ്രതി പട്ടികയിൽ ഉൾപ്പെടുത്താൻ ഇപ്പോഴും പൊലീസ് തീരുമാനിച്ചിട്ടില്ല. അവർ അക്രമത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് ഇടയാക്കിയ പൊലീസ് വീഴ്ചയിലും പ്രത്യേക അന്വേഷണം ഉണ്ടായിട്ടില്ല.
അതേസമയം, സിഎംആര്‍എല്‍ – എക്സാലോജിക് ദുരൂഹ ഇടപാട് കേസിൽ പിടിച്ചെടുത്ത രേഖകളുടെ വിശദമായ പരിശോധന ഇന്ന് ആരംഭിക്കും. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്, സിഎംആര്‍എല്‍ ഓഫീസ്, ശശിധരൻ കർത്തയുടെ വീട് എന്നിവിടങ്ങളിൽ നിന്നാണ് പരിശോധനയിൽ രേഖകൾ പിടിച്ചെടുത്തത്.
വീണയുടെ മൊബൈൽ ഫോണും ഇഡി പിടിച്ചെടുത്തിരുന്നു. ഇത് പരിശോധിക്കാനുള്ള നടപടികളും ഇന്ന് തുടങ്ങും. രേഖകൾ വിശദമായി പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യലിനായി ബന്ധപ്പെട്ടവരെ ഇ.ഡി വിളിപ്പിക്കുക.
