ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അന്വേഷണം ഗൂഢാലോചനയിലേക്കും: ആക്രമണം ആസൂത്രിതമെന്ന് മൊഴി

House Raid

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിലെ വീടിന് മുന്നിൽ വെച്ച് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥരെയും കേന്ദ്ര സുരക്ഷാ സേനയെയും ആക്രമിച്ച കേസിൽ അന്വേഷണം വിപുലീകരിച്ച് പ്രത്യേക അന്വേഷണ സംഘം (SIT). കേസിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യത്തിലേക്കാണ് നിലവിൽ പോലീസ് അന്വേഷണം നീളുന്നത്.

​റെയ്ഡിന് പിന്നാലെ ഉണ്ടായ സംഘർഷവും ആക്രമണവും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അതീവ ആസൂത്രിതമായി നടപ്പിലാക്കിയതാണെന്ന് ഇഡി ഉദ്യോഗസ്ഥർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. അന്വേഷണ ഉദ്യോഗസ്ഥരുടെ യാത്ര തടസ്സപ്പെടുത്താനും ഭയപ്പെടുത്താനും ലക്ഷ്യമിട്ടാണ് വടികളും ഇഷ്ടികകളും ഉപയോഗിച്ച് വാഹനങ്ങൾ അടിച്ചുതകർത്തതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുടെ ഫോൺ രേഖകൾ പരിശോധിക്കും. ഇവരുടെ മൊബൈൽ സന്ദേശങ്ങളും പരിശോധിക്കും. ആക്രമണത്തിന് പ്രേരിപ്പിക്കുന്ന കോളുകൾക്കും സന്ദേശങ്ങൾക്കും പിന്നിലുള്ളവരെ പിടികൂടും. ഇതിൽ നേതാക്കൾ എന്നോ പ്രവർത്തകർ എന്നോ വ്യത്യാസം ഉണ്ടാവില്ലെന്ന് എസ്ഐടി വ്യക്തമാക്കി.

അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ സിപിഎം ആക്രമണവുമായി ബന്ധപ്പെട്ട കേസന്വേഷണം ഊർജിതമാക്കി എസ്ഐടി. പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലെത്തി ഇഡി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡ് നടത്തുന്നതിന് വേണ്ടിയുള്ള സേർച്ച്‌ വാറന്റ് അടക്കമുള്ള രേഖകൾ അന്വേഷണ സംഘം ശേഖരിച്ചു. അസിസ്റ്റന്റ് ഡയറക്ടർ സനിത് റെഡി അടക്കം 7 പേരുടെ മൊഴിയാണ് എസ്ഐടി എടുത്തത്. വീണയുടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയുമെടുത്തു. ആക്രമണം ആസൂത്രിതമെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഇഡി ഉദ്യോഗസ്ഥർ മൊഴി നല്‍കി. നിലവിൽ 26 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർ എല്ലാം നേരിട്ട് അക്രമത്തിൽ പങ്കെടുത്തവരാണ്. ദൃശ്യങ്ങളിൽ നിന്ന് മൊത്തം 46 പേരെയാണ് തിരിച്ചറിഞ്ഞത്. ബാക്കി ഉള്ളവരെയും ഉടൻ പിടികൂടും.

പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നിലവില്‍ താഴെ തട്ടിലെ സിപിഎം പ്രവര്‍ത്തകര്‍ മാത്രമാണ് പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളും എംപിമാരും എംഎല്‍എമാരും സ്ഥലത്ത് ഉണ്ടായിരുന്നെന്നും അക്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങളില്‍ ഇവര്‍ക്കും പങ്കുണ്ടെന്നുമുള്ള വാദമാണ് ഇഡി ഉന്നയിക്കുന്നത്. ഇപ്പോള്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയില്‍ വരുമ്പോള്‍ കക്ഷി ചേരാനാണ് ഇഡി ആലോചന. ഇതിന് മുന്നോടിയായി അക്രമവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ശേഖരിക്കുന്നതടക്കമുളള നടപടികള്‍ ഇഡി തുടങ്ങുകയും ചെയ്തു.

Tags

Share this story