നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ: സോഷ്യൽ മീഡിയയിൽ അടക്കം സജീവമാകണമെന്ന് എംഎൽഎമാരോട് കോൺഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ എംഎൽഎമാർക്ക് നിർദേശം നൽകി. സമൂഹമാധ്യമങ്ങളിലൂടെ ഇടപെടൽ നടത്തി മേൽക്കൈ നേടണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
സിറ്റിംഗ് സീറ്റുകളിൽ ഒന്നുപോലും നഷ്ടപ്പെടരുത് എന്നാണ് കോൺഗ്രസ് എംഎൽഎമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ഇതിനായി മണ്ഡലത്തിൽ നടപ്പിലാക്കിയിരിക്കുന്ന വികസന പ്രവർത്തനങ്ങളിൽ പരമാവധി പ്രചാരണം നൽകണം. സമൂഹമാധ്യമങ്ങളെ ഇതിനായി ഉപയോഗപ്പെടുത്തണം. സമൂഹമാധ്യമങ്ങളിൽ ഇടപെടലിലൂടെ ചെറുപ്പക്കാരെ ആകർഷിക്കാൻ കഴിയുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു.
കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവിന്റെ വസതിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഇത് സംബന്ധിച്ച് നിർദേശം എംഎൽഎമാർക്ക് നൽകിയത്. സമൂഹമാധ്യമങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്നതിൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ ടീമിന്റെ സഹായം ലഭ്യമാക്കും.