ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

assembly

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടക്കം. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗം മുഴുവൻ വായിക്കുമോ എന്നതാണ് കാണേണ്ടത്. ഫെബ്രുവരി അഞ്ചിനാണ് സംസ്ഥാന ബജറ്റ്. വിവിധ വിഷയങ്ങളിൽ സർക്കാരുമായി ഏറ്റുമുട്ടാനുറച്ചാണ് പ്രതിപക്ഷവും സഭയിലേക്ക് എത്തുന്നത്.

മാർച്ച് 27 വരെയാണ് സമ്മേളന കാലാവധി. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതടക്കം കേന്ദ്രത്തിനെതിരായ വിമർശനങ്ങളും നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും. ഇത് ഗവർണർ വായിക്കുമോ എന്ന് വ്യക്തമല്ല. ഗവർണർക്കെതിരെ തെരുവിൽ പ്രതിഷേധം തുടരുമ്പോൾ തന്നെയാണ് സർക്കാരിന്റെ നയം ഗവർണറെ കൊണ്ട് വായിപ്പിക്കാൻ ഭരണപക്ഷം ഒരുങ്ങുന്നത്. 

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആർഒസി കണ്ടെത്തൽ, അന്വേഷണം, സാമ്പത്തിക പ്രതിസന്ധി, നവകേരള സദസ്, പ്രതിപക്ഷ സമരത്തോടുള്ള പോലീസ് നടപടി ഇതെല്ലാം പ്രതിപക്ഷം സഭയിൽ ആയുധമാക്കും. എന്നാൽ കേന്ദ്രത്തിനെതിരായ ഡൽഹി സമരത്തിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നത് ഭരണപക്ഷവും ചൂണ്ടിക്കാണിക്കും.
 

Share this story