അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യഹർജിയിൽ ഇന്നും വാദം തുടരും. തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയിലാണ് ഇന്ന് വാദം തുടരുക. കേസിലെ എഫ്‌ഐആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരെ അവഹേളിക്കുന്ന ഒന്നും ഇതിൽ ഇല്ലെന്നും രാഹുൽ ഈശ്വറിന്റെ അഭിഭാഷകൻ വാദിച്ചു
എന്നാൽ രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രാഹുൽ ഈശ്വറെ ഇന്നലെ വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. രാഹുൽ പത്താം ദിവസവും ഒളിവിൽ തുടരുകയാണ്.
