ചെങ്ങന്നൂർ കോടതിയിൽ മജിസ്ട്രേറ്റിന് നേരെ ആക്രമണം; പ്രതി പിടിയിൽ
മുൻസിഫ് കോടതിയിൽ മജിസ്ട്രേറ്റിന് നേരെ ആക്രമണം. സംഭവത്തെ തുടർന്ന് അക്രമിയെ കോടതി ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ചെങ്ങന്നൂർ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺ മോഹൻ (28)ആണ് പിടിയിലായത്.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മുൻസിഫ് അമല ലോറൻസിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ പത്തോടെ ആയിരുന്നു സംഭവം. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ച് മുൻസിഫിന്റെ ചേമ്പറിലേക്ക് പ്രതി അതിക്രമിച്ചു കയറുകയായിരുന്നു.
തുടർന്ന് അമല ലോറൻസ് അല്ലേ എന്ന് ചോദിച്ച് പ്രതി അക്രമത്തിന് മുതിരുകയായിരുന്നു. പ്രതിയുടെ ഭാവമാറ്റം കണ്ട് പരിഭ്രാന്തയായ മുൻസിഫ്, ചേമ്പറിൽ നിന്നും ജീവനക്കാരുടെ ഓഫീസിലേക്ക് ഓടിക്കയറി. ഇതിനിടയിൽ തെന്നിവീണാണ് അമല ലോറൻസിന് പരിക്കേറ്റത്.
തുടർന്ന് പ്രാണരക്ഷാർഥം തൊട്ടടുത്തുള്ള ബാർ അസോസിയേഷൻ ഓഫീസിലേക്ക് ഓടിക്കയറിയ അവർ വാതിലടച്ച് അകത്തിരുന്നാണ് രക്ഷപ്പെട്ടത്. ആക്രമണത്തിന് ശേഷം കോടതി വളപ്പിൽ നിന്നും റോഡിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കോടതി ജീവനക്കാരും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന് പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.
ചെങ്ങന്നൂർ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ മുൻസിഫ് അമല ലോറൻസിനെയും രണ്ട് കോടതി ജീവനക്കാരെയും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ നിലവിൽ കോടതിയിൽ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
