'രക്ഷാപ്രവർത്തന'ക്കേസ് അട്ടിമറിക്കാൻ ശ്രമം; എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത, ഉടൻ സസ്‌പെൻഡ് ചെയ്തേക്കും
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടന്ന നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ച എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടിക്ക് സർക്കാർ ഒരുങ്ങുന്നു. കേസ് അട്ടിമറിക്കാൻ എഡിജിപി നേരിട്ട് ഇടപെട്ടതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിക്കുന്ന റിപ്പോർട്ട് ലഭിച്ചാലുടൻ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തേക്കുമെന്നാണ് വിവരം.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് നവകേരള യാത്രയ്ക്കിടെ നടന്ന മർദനവും തുടർന്നുണ്ടായ കേസ് അട്ടിമറിയും അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്. നവകേരള യാത്രയ്ക്കിടയിലെ പ്രതിഷേധക്കാർക്ക് നേരെ ഗൺമാൻമാർ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ക്രൂരമായ മർദനത്തെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
കേസ് അന്വേഷിച്ചിരുന്ന മുൻ ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്താൻ സമ്മർദ്ദം ചെലുത്തിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മർദന ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ മറച്ചുവെച്ച് പ്രതികളായ പൊലീസുകാർക്ക് അനുകൂലമായ രീതിയിൽ റിപ്പോർട്ട് തയ്യാറാക്കാൻ എഡിജിപി നേരിട്ട് ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് പൊലീസുകാരും ഗുരുതരമായ ചട്ടലംഘനം നടത്തിയെന്നും അവർ പൂർണമായും കുറ്റക്കാരാണെന്നും വ്യക്തമാക്കിക്കൊണ്ട് എസ്ഐടി ആലപ്പുഴ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എസ്ഐടി തലവനായിരുന്ന എസ്‌പി ഷൗക്കത്തലി ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് കഴിഞ്ഞ മാസം സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് കൈമാറിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് എഡിജിപിക്കെതിരെ ഇപ്പോൾ കടുത്ത നടപടിക്ക് വഴിതുറന്നിരിക്കുന്നത്.
