ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം

Artukal

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കം. പുലർച്ചെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. മാർച്ച് 7 നാണ് പൊങ്കാല. രാവിലെ 10.30 ന് പണ്ടാര അടുപ്പിൽ തീ പകരും. തന്ത്രി ബ്രഹ്‌മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് മേൽശാന്തി ബ്രഹ്‌മശ്രീ പി കേശവൻ നമ്പൂതിരിക്ക് കൈമാറും. 

മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും തീ പകർന്നശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറും, സഹമേൽശാന്തി പണ്ടാര അടുപ്പിലേക്ക് തീ പകരും. ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം. പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്ന് 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. 

മാർച്ച് ഒന്നിന് കുത്തിയോട്ട വ്രതം ആരംഭിക്കും. ഇത്തവണ 10-12 പ്രായക്കാരായ കുട്ടികളെ മാത്രമാണ് കുത്തിയോട്ടത്തിൽ പങ്കെടുപ്പിക്കുക. ഇതിനായി 748 കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ട്. മാർച്ച് ഏഴിന് രാത്രി 10.15ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. എട്ടിന് രാത്രി 9.15ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം വെളുപ്പിന് 1.00ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

രണ്ടു വർഷ ഇടവേളയ്ക്ക് ശേഷം ക്ഷേത്രത്തിലെത്തി പൊങ്കാലയിടാൻ പറ്റുന്ന ഇത്തവണ 50 ലക്ഷം പേരെ പ്രതീക്ഷിക്കുന്നു 800 വനിതാ പൊലീസുകാരുൾപ്പെടെ 3300 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. വിവിധ ഇടങ്ങളിൽ സിസിടിവികൾ സ്ഥാപിക്കും. അറിയിപ്പ് ബോർഡുകൾ മലയാളത്തിലും തമിഴിലും ഉണ്ടാകും. ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ മുൻകൂട്ടി ക്രമീകരണങ്ങൾ ഒരുക്കുമെന്നും ഡിസിപി അജിത് വി പറഞ്ഞു. 

എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പരിശോധനകളും ബോധവത്കരണവും ശക്തമാക്കും. രോഗ്യസംവിധാനങ്ങളുടെ ഭാഗമായി ആകെ 27 ആംബുലൻസുകൾ സജ്ജീകരിക്കും. ക്ഷേത്രപരിസരത്ത് ആരോഗ്യവകുപ്പിന്റെ കണ്ട്രോൾ റൂമും എമർജൻസി മെഡിക്കൽ സെന്ററും ഏർപ്പെടുത്തും. പൊങ്കാലയിൽ ഹരിത പ്രോട്ടോകോൾ പാലിക്കപ്പെടുന്നുണ്ടെന്ന് ശുചിത്വമിഷനും കോർപ്പറേഷനും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി ഉറപ്പാക്കും. 

27 മുതൽ കെഎസ്ആർടിസി പത്ത് വീതം ദീർഘ, ഹ്രസ്വ ദൂര സർവ്വീസുകളും ഇലക്ട്രിക് ബസ് സർവ്വീസും ഏർപ്പെടുത്തും. പൊങ്കാല ദിവസം മാത്രം 400 ബസുകൾ സർവീസ് നടത്തും. കുടിവെള്ള വിതരണത്തിനായി വാട്ടർ അതോറിറ്റി 1270 താൽകാലിക ടാപ്പുകൾ സജ്ജീകരിക്കും.

Share this story