ഓട്ടോ കാറിലിടിച്ചു, ആളുകൂടി; ബഹളത്തിനിടെ യുവതിയെ കയറിപ്പിടിച്ച യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: വഴുതക്കാട് ജംഗ്ഷന് സമീപം ഉണ്ടായ വണ്ടിയപകടത്തിന് പിന്നാലെയുണ്ടായ ബഹളത്തിനിടയിൽ യുവതിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. തമ്പാനൂർ രാജാജി നഗർ സ്വദേശി വിവേക് (28), കാഞ്ഞിരംപാറ സ്വദേശി അരുൺകുമാർ (33) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ വഴുതക്കാട് ശ്രീമൂലം ക്ലബിന് സമീപമായിരുന്നു സംഭവം. പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ ഓടിച്ചിരുന്ന അരുൺകുമാറും ഒപ്പമുണ്ടായിരുന്ന വിവേകും മദ്യലഹരിയിലായിരുന്നു. അപകടത്തെ തുടർന്ന് നാട്ടുകാർ ഒത്തുകൂടുകയും ബഹളമുണ്ടാവുകയും ചെയ്തു.
ഈ സമയം വഴുതക്കാടുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ യുവതി സംഭവത്തെക്കുറിച്ച് തിരക്കാനായി ഇവിടെയെത്തി. തുടർന്നുണ്ടായ ബഹളത്തിനിടയിൽ പ്രതികളിലൊരാളായ വിവേക് യുവതിയെ കടന്നുപിടിക്കുകയായിരുന്നു. അപകടം ഉണ്ടായ ഉടൻ തന്നെ അരുൺകുമാറിനെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയിരുന്നു. എന്നാൽ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട വിവേകിനെ പിന്നീട് പേരൂർക്കടയിലുള്ള ബന്ധുവീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
