പകൽ 11 മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. വിവിധ ജില്ലകളിലെ സാഹചര്യം ജില്ലാ കലക്ടർമാർ വിശദീകരിച്ചു.

പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം.


മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം നൽകും. സ്‌കൂൾ വിദ്യാർഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണി മുതൽ 3 മണിവരെ ഒഴിവാക്കണം. പോലീസ്, അഗ്‌നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണം.

ആസ്‌ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം. ഇവ മേൽക്കൂരയായുള്ള വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ - നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Share this story