അർഹിക്കുന്നതിനപ്പുറമുള്ള പരിഗണന ആയിഷ പോറ്റിക്ക് നൽകിയിട്ടുണ്ട്; ഇത് വർഗവഞ്ചന: ജെ മേഴ്‌സിക്കുട്ടിയമ്മ
കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ആയിഷ പോറ്റിക്കെതിരെ സിപിഎം നേതാവ് ജെ മേഴ്‌സിക്കുട്ടിയമ്മ. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കുമെന്നതിന്റെ ഉദാഹരണമാണ് ആയിഷ പോറ്റി. ആയിഷ പോറ്റി വർഗ വഞ്ചന ചെയ്തു. ഇതിനെ നേരിടാൻ ജില്ലയിലെ പാർട്ടിക്ക് സാധിക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു
വിട്ടുപോകാനുള്ള രാഷ്ട്രീയ സാഹചര്യമില്ല. എല്ലാ വിധ അംഗീകാരവും നൽകി പാർട്ടി ചേർത്തുപിടിച്ച് വളർത്തിയതാണ് ആയിഷ പോറ്റിയെ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൂന്ന് ടേം എംഎൽഎ, പാർട്ടി ജില്ലാ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗം എന്നിങ്ങനെ സംഘടനാ രംഗത്തും ജനാധിപത്യവേദിയിലും അർഹിക്കുന്നതിനപ്പുറമുള്ള പരിഗണന ആയിഷ പോറ്റിക്ക് നൽകിയിട്ടുണ്ട്
ഇങ്ങനെ പൊടുന്നനെ തീരുമാനമെടുക്കാൻ ന്യായീകരണമില്ല. എല്ലാ മനുഷ്യർക്കും വേണ്ടി നിൽക്കുന്നു എന്നാണ് ആയിഷ പോറ്റി പറയുന്നത്. അങ്ങനെ പറയുന്നൊരാൾക്ക് എങ്ങനെയാണ് കോൺഗ്രസിൽ പോകാൻ സാധിക്കുക. കോൺഗ്രസ് ഏത് പ്രശ്‌നത്തിലാണ് ജനങ്ങൽക്കൊപ്പം നിന്നിട്ടുള്ളതെന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു
