ബാർ കോഴ ആരോപണം: സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് പിഎംഎ സലാം

മദ്യനയത്തിലെ ഇളവിന് വേണ്ടി ബാറുടമകളിൽനിന്ന് കോടികൾ കൈക്കൂലി വാങ്ങിയതായി തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി  പി.എം.എ സലാം.

ഡ്രൈ ഡേ ഒഴിവാക്കിയും ബാർ സമയം പതിനൊന്നു മണിയിൽനിന്ന് 12 മണിവരെ ആക്കിയും ഐ.ടി. പാർക്കുകളിൽ മദ്യശാലകൾ അനുവദിച്ചും ഡോർ ഡെലിവറി ഏർപ്പെടുത്തിയും കേരളത്തെ മദ്യത്തിൽ മുക്കുകയാണ് ഇടത് സർക്കാരെന്നും സലാം വിമർശിച്ചു.

അഴിമതിപ്പണം കണ്ട് കണ്ണ് മഞ്ഞളിച്ചതുകൊണ്ടാണ് ഈ കൊടുംപാതകം ചെയ്യുന്നത്. മദ്യനയത്തിലെ ഇളവിന് പകരമായി ഓരോ ബാറുടമകളും രണ്ടര ലക്ഷം വീതം നൽകണമെന്നാണ് പുറത്തായ ശബ്ദരേഖയിൽ പറയുന്നത്. കോടികളുടെ അഴിമതിയാണ് ഇതിലൂടെ നടക്കുന്നത്.

മദ്യലഭ്യത വർധിപ്പിച്ച് കേരളത്തെ ഒന്നടങ്കം ലഹരിയിൽ മുക്കാനാണ് സർക്കാർ നീക്കം. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല. ബാർ കോഴ സംബന്ധിച്ച പുതിയ ആരോപണങ്ങളിൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.
 

Share this story