ബാർ കോഴ ആരോപണം: മന്ത്രിമാരെ രക്ഷിക്കാൻ ഉദ്യോഗസ്ഥരെ കൊണ്ട് നുണ പറയിപ്പിക്കുന്നുവെന്ന് സതീശൻ

ബാർ അഴിമതിയിൽ മന്ത്രിമാരെ രക്ഷിക്കാൻ ഉദ്യോഗസ്ഥരെ കൊണ്ട് നുണ പറയിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മെയ് 21ന് നടത്തിയ യോഗത്തിലാണ് മദ്യനയത്തിൽ ഭേദഗതി വരുത്തണമെന്ന തീരുമാനം എടുത്തത്. ഇതിന് പിന്നാലെയാണ് ബാർ ഉടമകളുടെ സംഘടന എറണാകുളത്ത് യോഗം ചേർന്ന് പണപ്പിരിവ് നടത്താൻ തീരുമാനിച്ചത്. 

പണം കിട്ടിയില്ലെങ്കിൽ ഒന്നും നടക്കില്ലെന്നും ശബ്ദരേഖയിൽ വ്യക്തമായി പറയുന്നുണ്ട്. മദ്യനയ ഭേദഗതി സംബന്ധിച്ച് ആലോചനയെ നടന്നിട്ടില്ലെന്ന് രണ്ട് മന്ത്രിമാരും പറഞ്ഞത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടൂറിസം ഡയറക്ടറുടെ പേരിൽ പ്രസ്താവന ഇറങ്ങിയത്

പിആർഡിയോ ടൂറിസം വകുപ്പിലെ പിആർഒയോ അല്ല ഈ പ്രസ്താവന ഇറക്കിയത്. മന്ത്രിയുടെ ഓഫീസിൽ നിന്നാണോ ടൂറിസം ഡയറക്ടറുടെ പ്രസ്താവന ഇറക്കുന്നത്. യോഗത്തിൽ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തതായാണ് പറയുന്നത്. അബ്കാരി പോളിസി റിവ്യു ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ടൂറിസം ഡിപ്പാർട്ട്‌മെന്റിനാണോ, അബ്കാരി പോളിസി തീരുമാനിക്കുന്നത് ടൂറിസം വകുപ്പാണോ, എന്ത് ഭരണമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു


 

Share this story