മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാർ ലൈസൻസുകൾ പുതുക്കരുത്; ഉത്തരവുമായി എക്സൈസ് വകുപ്പ്
തിരുവനന്തപുരം: എക്സൈസ് കമ്മീഷണറെ മാറ്റിയതിനു പിന്നാലെ ബാർ ലൈസൻസ് പുതുക്കരുതെന്ന നിർണായക ഉത്തരവുമായി എക്സൈസ് വകുപ്പ്. മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാർ ലൈസൻസുകൾ പുതുക്കരുതെന്നാണ് ഉത്തരവ്. എക്സൈസ് കമ്മീഷണറുടെ ചുമതലയുള്ള ആർ ജയശങ്കറാണ് ഉത്തരവ് പുറത്തിറക്കിയത്. നവംബർ 30ന് മുന്നോടിയായിട്ടാകും സർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുക. ഇതിന് മുൻപായി യാതൊരു തരത്തിലുള്ള ഇടപെടലുകളും ഉണ്ടാകരുതെന്ന കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. ജോയിന്റ് എക്സൈസ് കമ്മീഷണർമാർക്കും, ജില്ലാ എക്സൈസ് കമ്മീഷണർമാർക്കും ആണ് നിർദേശം നൽകിയിരിക്കുന്നത്. ഇന്നലെയാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.
അതേസമയം സീറാം സാംബശിവ റാവു എക്സൈസ് കമ്മീഷണർ ആയിരുന്ന കാലത്ത് ബാർ ലൈസൻസ് നൽകിയതിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത. എക്സൈസ് മന്ത്രി എം ലിജു അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകും. എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് സീറാം സാംബശിവറാവു പടിയിറങ്ങുന്നതിന് തൊട്ടുമുൻപ് നൽകിയ റിപ്പോർട്ട് ചർച്ചയാകുന്നതിനിടെയാണ്, ബാർ ലൈസൻസ് നൽകിയതിൽ അന്വേഷണത്തിന് ആലോചന.
സീറാം സാംബശിവ റാവു എക്സൈസ് കമ്മീഷണർ ആയിരുന്ന കാലത്ത് എയർപോർട്ട് ലോഞ്ച് ബാറുകൾക്കും എറണാകുളം കോട്ടയം ജില്ലകളിലെ ബാറുകൾക്ക് അനുമതി നൽകിയതിലും ഉദ്യോഗസ്ഥ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നതിൽ ആയിരിക്കും പരിശോധന നടക്കുക. ഇതിനായി എക്സൈസ് മന്ത്രി എം.ലിജു ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകും.അതിനിടെ മുൻ എക്സൈസ് കമ്മീഷണറെ പിന്തുണച്ചായിരുന്നു മുൻ എക്സൈസ് മന്ത്രിയുടെ പ്രതികരണം.
