ബാർ, ബിയർ ആൻഡ് വൈൻ പാർലറുകൾ നാളെ രാത്രി 12 മണിവരെ പ്രവർത്തിക്കാൻ അനുമതി

bar

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ. ഡിസംബർ 31 ബുധനാഴ്ച ബാറുകളുടെ സമയം രാത്രി 12 മണിവരെയാണ് നീട്ടിയത്. ബിയർ ആൻഡ് വൈൻ പാർലറുകളുടെ സമയവും 12 മണിവരെ നീട്ടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പ്രത്യേക ഇളവ് നൽകി സർക്കാർ ഉത്തരവിറക്കി. സാധാരണരീതിയിൽ 10 മണിയോടെയാണ് ബാറുകൾ പ്രവർത്തനം അവസാനിപ്പിക്കാറുള്ളത്. പുതുവർഷവേളയിലെ വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് ഇളവ്. അതാത് സ്ഥലങ്ങളിലെ ക്രമസമാധാന സാഹചര്യം പരിഗണിച്ചുകൊണ്ടായിരിക്കും പ്രവർത്തനത്തിന് അനുമതി. ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകൾക്ക് ഇളവ് നിലവിൽ ബാധകമല്ല.

അതേസമയം പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറിസ് ലിമിറ്റഡില്‍ നിന്നും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് പേരും ​ലോ​ഗോയും നിർദേശിക്കുന്നവർക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചതും ഇതിനിടെ ശ്രദ്ധേയമായി.

മികച്ച പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തിക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്‍കാനാണ് തീരുമാനം. malabardistilleries@gmail.com എന്ന മെയില്‍ ഐഡിയിലേക്കാണ് പേര് നിര്‍ദേശിക്കേണ്ടത്. ജനുവരി ഏഴുവരെയാണ് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള സമയപരിധി. ജവാന്‍ ഡീലക്‌സ് ത്രീഎക്‌സ് റമ്മിന്റെ വന്‍ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യമായി സ്വന്തമായി ബ്രാന്‍ഡി ഉല്‍പ്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ഉല്‍പ്പാദനം ആരംഭിക്കുക.

Tags

Share this story