ബത്തേരി ഹൈവേ കവർച്ചാക്കേസ്: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ
Updated: Nov 10, 2025, 11:54 IST
വയനാട് ബത്തേരി ഹൈവേ കവർച്ചാക്കേസിൽ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ ചെന്ത്രാപ്പിന്നി സ്വദേശി സുഹാസിനെയാണ് ഒളിവിൽ കഴിയവേ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് ദിവസം മുൻപായിരുന്നു കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്തു നിന്ന് അറസ്റ്റ് ചെയ്തു കൊണ്ടുവരുന്ന വഴിയ്ക്ക് ഇയാൾ ബത്തേരി എസ്ഐ റാംകുമാറിനെ ആക്രമിച്ച് കടന്നുകളഞ്ഞത്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.
ഇയാൾക്കൊപ്പം മറ്റൊരാളെ കൂടി പോലീസ് പിടികൂടി. കുഴൽപ്പണ കവർച്ചാ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ. ബത്തേരി മുത്തങ്ങ കല്ലൂരിൽ ഇന്നോവ കാർ ആക്രമിച്ച് കടത്തിക്കൊണ്ടുപോയ കേസിൽ ആണ് പ്രതിയായ സുഹാസിനെ അറസ്റ്റ് ചെയ്തത്. 2018 ൽ ഇയാൾ സമാനമായ കേസിലും പ്രതിയായിരുന്നു.
