മുസ്തഫിസുറിനെ പുറത്താക്കണം, കൊൽക്കത്തയോട് ആവശ്യപ്പെട്ട് ബിസിസിഐ; നാടകീയ ഇടപെടൽ
ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് പുറത്താക്കാൻ നീക്കം തുടങ്ങി ബിസിസിഐ. മുസ്തഫിസുറിനെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ബിസിസിഐ നിർദേശിച്ചു. ബംഗ്ലാദേശ് താരത്തെ ടീമിൽ എടുത്തതിൽ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് ബിസിസിഐയുടെ നാടകീയ ഇടപെടൽ
കൊൽക്കത്തയോട് ഔദ്യോഗികമായി തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു. മുസ്തഫിസുറിന് പകരം മറ്റൊരു താരത്തെ ഉൾപ്പെടുത്താൻ കൊൽക്കത്തയെ അനുവദിക്കും. 9.20 കോടി രൂപക്കാണ് മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലേലത്തിൽ സ്വന്തമാക്കിയത്
മുസ്തഫിസുറിനെ ലേലത്തിൽ വാങ്ങിയതിന്റെ പേരിൽ ടീം ഉടമ ഷാരുഖ് ഖാനെതിരെ വിദ്വേഷ പ്രചാരണവുമായി സംഘപരിവാർ ഹാൻഡിലുകൾ രംഗത്തുവന്നിരുന്നു. ബംഗ്ലാദേശി താരത്തെ വാങ്ങിയ ഷാരുഖ് രാജ്യദ്രോഹിയാണെന്നും രാജ്യത്ത് തുടരാൻ അവകാശമില്ലെന്നും ബിജെപി നേതാവ് സംഗീത് സോം പറഞ്ഞിരുന്നു
