ബീഡി-ബീഹാർ പോസ്റ്റ്: ഖേദം പ്രകടിപ്പിച്ച് കെപിസിസി, തെറ്റ് പറ്റിയെന്ന് സണ്ണി ജോസഫ്

കോൺഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് അക്കൗണ്ടിൽ വന്ന ബീഡി-ബിഹാർ പോസ്റ്റ് തെറ്റായിപ്പോയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പോസ്റ്റ് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പിശക് പറ്റി. ജാഗ്രതാക്കുറവും സൂക്ഷ്മത കുറവും സംഭവിച്ചതായും സണ്ണി ജോസഫ് പറഞ്ഞു
അത്തരത്തിൽ പോസ്റ്റ് വന്നത് തെറ്റായിപ്പോയി. അത് തിരുത്താൻ വേണ്ടി ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്. വിടി ബൽറാമിനാണ് ചാർജ് നൽകിയതെന്നും സണ്ണി ജോസഫ് പറഞ്ഞു. ജിഎസ്ടി കൗൺസിൽ തീരുമാനിച്ച പുതിയ നിരക്കുകളെ വിമർശിച്ചുള്ള പോസ്റ്റാണ് വിവാദമായത്
28 ശതമാനം ജിഎസ്ടിയുണ്ടായിരുന്ന ബീഡിക്ക് 18 ശതമാനം ജി എസ് ടി ആക്കിയിരുന്നു. ബീഡി പൊതിയുന്ന ഇലകളുടെ നികുതി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായും കുറച്ചു. എന്നാൽ പുകയില, സിഗരറ്റ് പോലുള്ള ഏതാനും ഇനങ്ങൾക്ക് 40 ശതമാനത്തിന്റെ പ്രത്യേക സ്ലാബും നിർദേശിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് കേരളയുടെ എക്‌സ് ഹാൻഡിലിൽ പോസ്റ്റ് വന്നത്
ബീഡിയും ബീഹാറും ബി യിൽ ആണ് തുടങ്ങുന്നത്. അതിനെ ഇനി പാപമായി കണക്കാക്കാനാകില്ല എന്നായിരുന്നു പോസ്റ്റ്. തെരഞ്ഞെടുപ്പ് അടുത്ത ബിഹാറിൽ ബിജെപി ഇത് ആയുധമാക്കി മാറ്റുകയും ചെയ്തു. പിന്നാലെയാണ് കെപിസിസി ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നത്.