പദവിയുടെ അന്തസ്സിന് യോജിക്കാത്ത പെരുമാറ്റം; ഗവർണർക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് എംവി ഗോവിന്ദൻ

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നയപ്രഖ്യാപന പ്രസംഗം ഗവർണർ നടത്തിയത് സാങ്കേതികമായാണ്. ഗവർണറുടേത് നിലവിട്ട പെരുമാറ്റം. പദവിയുടെ അന്തസിന് യോജിക്കാത്ത പെരുമാറ്റം ഭരണഘടന വിരുദ്ധമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ഇന്നത്തെ പ്രസംഗം കണ്ടതോടെ ഗവർണർക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമായി. ഗവർണർ കുറെ കാലമായി എടുക്കുന്ന നിലപാടിന്റെ തുടർച്ചയാണ് ഇന്നലെ നിയമസഭയിലുണ്ടായത്. സാധാരണ ഗവർണർമാരുടെ കീഴ്‌വഴക്കം അല്ല ഇന്നലെ കണ്ടത്. ഗവർണറുടെ പദവിയ്ക്ക് ചേരുന്നതല്ല ഇപ്പോൾ നടക്കുന്നത്.

ഡൽഹിയിൽ എൽഡിഎഫ് നടത്തുന്നത് സമ്മേളനമല്ലെന്നും കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധ സമരം തന്നെയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഫെബ്രുവരി എട്ടിന് ദില്ലിയിൽ സമരം നടക്കുമ്പോൾ സംസ്ഥാനത്ത് പലയിടങ്ങളിലായി ഐക്യദാർഢ്യ പ്രതിഷേധ പരിപാടി നടത്തും. ഫെഡറൽ സംവിധാനം രക്ഷിക്കാനുള്ള സമരത്തിന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. ഫെബ്രുവരി എട്ടിന് രാവിലെ കേരള ഹൗസിൽ നിന്നായിരിക്കും മാർച്ച് ആരംഭിക്കുക. തുടർന്ന് സമരം ആരംഭിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു
 

Share this story