മരണത്തിനും ജീവിതത്തിനുമിടയില്‍! ബസിനടിയിലേക്ക് വീണ യുവതിയെ മുടിമുറിച്ച് രക്ഷപ്പെടുത്തി

kerala

കോട്ടയം ചിങ്ങവനത്ത് കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിനടിയിലേക്ക് വീണ യുവതിയെ മുടിമുറിച്ചാണ് രക്ഷപ്പെടുത്തിയത്. ഇത്തിത്താനത്തെ സ്വകാര്യ സ്‌കൂള്‍ ജീവനക്കാരിയായ അമ്പിളിയാണ് മരണത്തെ മുഖാമുഖം കണ്ടത്. വീഴ്ചയില്‍ അമ്പിളിയുടെ തലയില്‍ ചെറിയ പരിക്ക് പറ്റിയിട്ടുണ്ട്. എംസി റോഡില്‍ ചിങ്ങവനം പുത്തന്‍ പാലത്തിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

വൈകിട്ട് സ്‌കൂള്‍ വിട്ടിറങ്ങിയ കുട്ടികളെ റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കുന്നതിനിടെയാണ് അപകടം. കുട്ടികളെ മറുവശത്ത് എത്തിച്ച ശേഷം അമ്പിളി തിരിച്ച് സ്‌കൂള്‍ ബസിന് അടുത്തേക്ക് നടക്കുകയായിരുന്നു. ഇതിനിടെ അടൂര്‍- കോതമംഗലം കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് കണ്ട് വേഗത്തില്‍ നടന്നു. എന്നാല്‍ വെപ്രാളത്തില്‍ ബസിനടിയിലേക്ക് അമ്പിളി വീണു. അമ്പിളിയെ കണ്ട് ഡ്രൈവര്‍ വാഹനം വെട്ടിച്ചതിനാല്‍ ബസിടിച്ചില്ല. റോഡിലേക്ക് വീണ അമ്പിളിയുടെ മുടി ബസിന്റെ ഇടത് ടയറിനടിയില്‍ കുടുങ്ങി.

സംഭവം കണ്ടുനിന്നവര്‍ ഓടിയെത്തി അമ്പിളിയെ മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ സമീപത്ത് തട്ടുകട നടത്തുന്ന ഒരാള്‍ കത്രികയുമായെത്തി മുടി മുറിക്കാന്‍ ശ്രമിച്ചു. ഈ ശ്രമവും പരാജയപ്പെട്ടതോടെ കടയില്‍ നിന്ന് കത്തി വാങ്ങി മുടി മുറിച്ച് ബസിന് അടിയില്‍ നിന്ന് അമ്പിളിയെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. തലനാരിഴയ്ക്ക് തെന്നിമാറിയ ദുരന്തത്തിന്റെ ഞെട്ടലിലാണ് യുവതി.

Share this story