ചെറിയാൻ ഫിലിപ്പിനെ തള്ളി മാറ്റി ബിന്ദു കൃഷ്ണ; ആലിംഗനശ്രമം തടഞ്ഞത് പരസ്യമായി
തിരുവനന്തപുരം: ആലിംഗനം ചെയ്യാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പിനെ തട്ടിമാറ്റി നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണ. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെ ഇന്ദിരാഭവന് മുന്നിലാണ് സംഭവം. എംഎല്‍എമാരെ സ്വീകരിക്കാന്‍ നില്‍ക്കുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. യോഗത്തില്‍ പങ്കെടുക്കാന്‍ ബിന്ദു കൃഷ്ണ എത്തിയപ്പോള്‍ സ്വീകരിക്കുന്നതിനിടെ ആലിംഗനം ചെയ്യാന്‍ ചെറിയാന്‍ ഫിലിപ്പ് ശ്രമിക്കുകയായിരുന്നു.
ബിന്ദു കൃഷ്ണ ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ ശ്രമിച്ചപ്പോൾ ചെറിയാന്‍ ഫിലിപ്പ് ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു. ഇതോടെ ബിന്ദു കൃഷ്ണ ചെറിയാന്‍ ഫിലിപ്പിനെ തള്ളിമാറ്റി കടന്നുപോകുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പാലോട് രവി അടക്കമുള്ള മറ്റ് നേതാക്കള്‍ക്ക് കൈ കൊടുത്താണ് ബിന്ദു കൃഷ്ണ കടന്നുപോയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചെറിയാന്‍ ഫിലിപ്പിനെതിരെ സോഷ്യൽ മീഡിയയിൽ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
എഐസിസി നേതാക്കളായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ദിരാഭവനില്‍ യോഗം പുരോഗമിക്കുന്നത്. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ സുധാകരന്‍, കെ മുരളീധരന്‍, മാത്യു കുഴല്‍നാടന്‍, ചാണ്ടി ഉമ്മന്‍, പഴകുളം മധു, സുമേഷ് അച്യുതന്‍, എ പി അനില്‍ കുമാര്‍, സന്ദീപ് വാര്യര്‍, വിദ്യ ബാലകൃഷ്ണന്‍, കെ എ തുളസി അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തി. എംഎല്‍എമാരുടെ അഭിപ്രായം തേടിയ ശേഷം എഐസിസി നിരീക്ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങും. ഹൈക്കമാന്‍ഡ് യോഗം ചേര്‍ന്ന ശേഷമായിരിക്കും മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം. പ്രഖ്യാപനം ഞായറാഴ്ച്ച ഉണ്ടായേക്കും.
അതിനിടെ കെ സി വേണുഗോപാലിന്റെ വരവ് തടയാന്‍ വിഡി സതീശന്‍-രമേശ് ചെന്നിത്തല പക്ഷങ്ങള്‍ കൈകോര്‍ത്തേക്കുമെന്ന വിവരം പുറത്തുവന്നു. കെ സി വേണുഗോപാലിന് ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് ചെന്നിത്തല വിഭാഗത്തിന്റെ നീക്കം. മുഖ്യമന്ത്രി പദം സംബന്ധിച്ച് വി ഡി സതീശന്‍ വിട്ടുവീഴ്ച ചെയ്യുമെന്നാണ് രമേശ് ചെന്നിത്തല വിഭാഗത്തിന്റെ പ്രതീക്ഷ. 45 എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച ആത്മവിശ്വാസത്തിലാണ് എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാല്‍ പക്ഷം. 25 എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ചെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അവകാശപ്പെടുന്നു. പരമാവധി എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തെത്തിക്കാനുള്ള ശ്രമത്തിലാണ് മൂന്ന് നേതാക്കളും.
