ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകൾ; കേസ് വിവരങ്ങൾ പുറത്ത് വിട്ട് ആഭ്യന്തരവകുപ്പ്
തിരുവനന്തപുരം: വധശ്രമക്കേസിൽ കഴിഞ്ഞ ദിവസം നാടകീയമായി അറസ്റ്റിലായ തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതനെതിരെയുള്ള കേസ് വിവരങ്ങൾ ആഭ്യന്തരവകുപ്പ് പുറത്തുവിട്ടു. വധശ്രമവും കലാപശ്രമവും ഉൾപ്പെടെ 19 ഓളം ക്രിമിനൽ കേസുകളാണ് സുഗതനെതിരെ നിലവിലുള്ളതെന്ന് ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വട്ടിയൂർക്കാവ്, നെടുമങ്ങാട് എന്നീ പോലീസ് സ്റ്റേഷനുകളിലായിട്ടാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വധശ്രമം, ലഹളയുണ്ടാക്കൽ, പോലീസ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുയോഗങ്ങൾ ഭീഷണിപ്പെടുത്തി തടസ്സപ്പെടുത്തൽ, വഴിതടഞ്ഞ് ആക്രമിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് കൗൺസിലർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഈ തുടർച്ചയായ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുത്താണ് സുഗതനെതിരെ മുൻപ് കാപ്പ (KAAPA) നിയമപ്രകാരമുള്ള നടപടികളിലേക്ക് പോലീസ് കടന്നത്.
വെള്ളൈക്കടവ് ക്ഷേത്രോത്സവത്തിനിടെ സി.പി.ഐ.എം പ്രവർത്തകരെ ആക്രമിച്ച വധശ്രമക്കേസിൽ ഒന്നാം പ്രതിയായ സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ ഒളിവിൽ കഴിഞ്ഞിരുന്ന സുഗതനെ പിടികൂടാൻ വട്ടിയൂർക്കാവിലെ വീട്ടിൽ പോലീസ് എത്തിയപ്പോൾ കടുത്ത പ്രതിരോധമാണ് ഉണ്ടായത്. സുഗതന്റെ അനുയായികൾ പൊലീസിനെ വളയുകയും ആക്രമിക്കാൻ മുതിരുകയും ചെയ്തതോടെ വട്ടിയൂർക്കാവ് സി.ഐയ്ക്ക് ആകാശത്തേക്ക് വെടിവെയ്ക്കേണ്ടി വന്നിരുന്നു.
തുടർന്ന് സാഹസികമായാണ് പോലീസ് സുഗതനെ കസ്റ്റഡിയിലെടുത്തത്. പോലീസുകാരെ മർദ്ദിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സുഗതനെതിരെ ഇപ്പോൾ പുതിയ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് പ്രതിയുള്ളത്. അതേസമയം, അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നാണ് ബിജെപിയുടെ ആരോപണം.
