ഭാര്യയെ മർദ്ദിച്ച കേസ്: ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ രാജിവെച്ചു
ഭാര്യയെ മർദ്ദിച്ച കേസിൽ ബിജെപി തൃശൂർ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ രാജിവച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് രാജിക്കത്തയച്ചത്. ഭാര്യയെ മർദ്ദിച്ചെന്ന പരാതിയിൽ മതിലകം പോലീസ് ശ്രീകുമാറിനെതിരെ കേസെടുത്തിരുന്നു.
ഗാർഹിക പീഡന പരാതി നൽകിയതിന് പിന്നാലെ ഭാര്യയെയും കുടുംബത്തെയും എ.ആർ ശ്രീകുമാർ ആളെ വിട്ട് ഭീഷണിപ്പെടുത്തിയിരുന്നു. നേതാവിന്റെ നിർദേശപ്രകാരം വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടാ നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിയാണ് വെളിപ്പെടുത്തിയത്. ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ ശ്രീകുമാറാണ് ഭാര്യ പ്രിയങ്കക്ക് നേരെ ഭീഷണി ഉയർത്തിയത്.
നിരവധി ക്രിമിനൽ കേസിൽ പ്രതിയും ബിജെപി പ്രവർത്തകനുമായ കല്ലാടൻ ഗീരീഷാണ് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത്. ഇയാൾ വന്ന് പോയതിന് ശേഷം അജ്ഞാതരായ രണ്ട് പേരും വീട്ടിലെത്തി അമ്മയെ ഭീഷണിപ്പെടുത്തിയതായി പ്രിയങ്ക പറയുന്നു. സംഭവം ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും പ്രിയങ്ക പരാതി നൽകി. പരാതിയ്ക്ക് പിന്നാലെ ഗുണ്ടാ നേതാവ് കല്ലാടൻ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ, കള്ള സാക്ഷി പറയാൻ പറയാൻ പ്രേരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
