ഡെഹ്‌റാദൂണിൽ ബിജെപി പ്രവർത്തകനെ തല്ലിക്കൊന്നു; 12 പേർക്കെതിരെ എഫ്‌ഐആർ: പ്രതികളുടെ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി
ഡെഹ്‌റാദൂൺ: ഉത്തരാഖണ്ഡിലെ ഡെഹ്റാദൂണിൽ ബിജെപി പ്രവർത്തകനെ ഒരു സംഘം ആളുകൾ തല്ലിക്കൊന്നു. സഹാസ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബൈരാഗിവാല ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ബിജെപിയുടെ ഒബിസി മോർച്ച ജില്ലാ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററായ വിനോദ് കുമാർ (44) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇയാളുടെ കുടുംബത്തിലെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കൃഷിയിട നനയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. തർക്കത്തിന് പിന്നാലെ വടികളും ചുറ്റികകളും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം വിനോദ് കുമാറിനെയും കുടുംബത്തെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. വിനോദ് കുമാർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും സംഘർഷാവസ്ഥയും ഉടലെടുത്തു. തുടർന്ന് വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ക്രമസമാധാന നില ഉറപ്പാക്കാൻ പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിച്ഛേദിച്ചു.
വിനോദിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 12 പേർക്കെതിരെയും കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനിടെ, കൊലപാതകക്കേസിലെ പ്രധാന പ്രതികളുടെ അനധികൃത സ്വത്തുക്കളും വീടും ജില്ലാ ഭരണകൂടവും പൊലീസും ചേർന്ന് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
