തൃശ്ശൂരിലെ ബിജെപി വിജയം പിണറായി വിജയൻ സ്വർണത്താലത്തിൽ നൽകിയ സമ്മാനം: എംഎം ഹസൻ

തൃശൂരിലെ ബിജെപിയുടെ വിജയം സിപിഎമ്മിന്റെ സമ്മാനമാണെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. പിണറായി വിജയൻ സ്വർണത്താലത്തിൽ വെച്ചു നൽകിയ സമ്മാനമാണ് ഇത്. സിപിഎം കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനു ശ്രമിച്ചുവെന്നും ഹസൻ പറഞ്ഞു. 

തൃശൂരിലെ പരാജയം സംബന്ധിച്ച് പഠിക്കും. അവിടെ സിപിഎം-ബിജെപി ഡീൽ ഉണ്ടായിരുന്നു. വടകരയിൽ ഷാഫി പറമ്പിലിനെ വർഗീയവാദിയായി ചിത്രീകരിച്ചാണ് പ്രചാരണം നടത്തിയത്. ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിൽ കെ.കെ.ശൈലജയും സിപിഎമ്മും ജനങ്ങളോടു മാപ്പു പറയണം. വടകരയിൽ സമാധാനപരമായി കഴിഞ്ഞ ജനതയെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. 

മോദി കേന്ദ്രത്തിൽ നടത്തിയതിനു സമാനമായ പ്രചാരണമാണ് ഇവിടെ ഇടതുപക്ഷം നടത്തിയത്. ലോക് സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ പറഞ്ഞു. അങ്ങനെയെങ്കിൽ സർക്കാരിന് തുടരാൻ അവകാശമില്ലെന്നും ഹസൻ പറഞ്ഞു.
 

Share this story