തൃശ്ശൂർ ബിജെപി ഓഫീസിൽ 25 കോടിയുടെ കള്ളപ്പണമെത്തിയെന്ന് ആരോപണം; 17 ചാക്കുകളിലായി പണമെത്തിച്ചെന്ന് മുൻ ഓഫീസ് സെക്രട്ടറി അക്ഷയ്

അക്ഷയ്

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിന് പിന്നാലെ തൃശ്ശൂരിലെ ബിജെപി നേതൃത്വത്തെ വീണ്ടും പ്രതിരോധത്തിലാക്കി ഗുരുതര കള്ളപ്പണ ആരോപണം. തൃശ്ശൂർ ബിജെപി ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടി രൂപയുടെ കള്ളപ്പണം എത്തിയെന്ന വെളിപ്പെടുത്തലുമായി മുൻ ജില്ലാ ഓഫീസ് സെക്രട്ടറി പി. അക്ഷയ് രംഗത്തെത്തി.

​തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കായി കൊണ്ടുവന്ന പണം മുതിർന്ന നേതാക്കൾ ചേർന്ന് അപഹരിച്ചെന്നും അക്ഷയ് ആരോപിച്ചു.

വെളിപ്പെടുത്തലിന്റെ പ്രധാന വിവരങ്ങൾ:

17 ചാക്കുകളിൽ പണം: തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറിലാണ് ആദ്യം പണമെത്തിച്ചത്. തുടർന്ന് 17 ചാക്കുകളിലും ഒരു പച്ച ബാഗിലുമായി 25 കോടിയോളം രൂപ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിക്കുകയായിരുന്നു.

സൂക്ഷിച്ച സ്ഥലങ്ങൾ: ജില്ലാ കമ്മിറ്റി ഓഫീസിന്റെ രണ്ടാം നിലയിലും സംഘടനാ സെക്രട്ടറിയുടെ മുറിയിലും ഗാന്ധിനഗറിലെ ഒരു വീട്ടിലുമായാണ് പണം സൂക്ഷിച്ചിരുന്നതെന്ന് വെളിപ്പെടുത്തലിൽ പറയുന്നു.

സിസിടിവി ദൃശ്യങ്ങൾ മാറ്റി: പണം ഓഫീസിലെത്തിയ സമയത്തും പുറത്തേക്ക് കടത്തിയപ്പോഴും അവിടുത്തെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാൻ നേതാക്കൾ നിർദ്ദേശിച്ചു. പിന്നീട് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി പഴയ ഡിവിആർ (DVR) മാറ്റി പുതിയത് സ്ഥാപിക്കുകയും ചെയ്തു.

നേതാക്കൾക്കെതിരെ ആരോപണം: തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി എത്തിയ ഈ ഫണ്ട് വിതരണം ചെയ്യാതെ ചില നേതാക്കൾ സ്വന്തം ആവശ്യങ്ങൾക്കായി വീതിച്ചെടുക്കുകയായിരുന്നു.

പതികാര നടപടി: ഈ സാമ്പത്തിക ക്രമക്കേടുകൾക്കും കള്ളപ്പണ ഇടപാടുകൾക്കും ദൃക്‌സാക്ഷിയായതിനാലും എതിർത്തതിനാലുമാണ് തന്നെ ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്ന് പി. അക്ഷയ് പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ ജില്ലാ നേതാക്കളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോപണം തള്ളി ബിജെപി

​എന്നാൽ മുൻ ഓഫീസ് സെക്രട്ടറിയുടെ ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് ബിജെപി തൃശ്ശൂർ ജില്ലാ നേതൃത്വം പ്രതികരിച്ചു. വിഷയത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ആരോപണമുന്നയിച്ചയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി വ്യക്തമാക്കി. 

Tags

Share this story