കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

കടൽ

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും ശക്തമായ തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്. നാളെ രാത്രി വരെ ജാഗ്രതാ നിർദേശമുണ്ട്.

തീരദേശത്തെ താഴ്ന്ന പ്രദേശങ്ങളിൽ കടൽവെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണം. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകളിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടാനും നിർദേശമുണ്ട്.

തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ആലപ്പാട് മുതൽ ഇടവ വരെയും, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും പ്രത്യേക ജാഗ്രത വേണം. എറണാകുളം മുനമ്പം എഫ്.എച്ച് മുതൽ മറുവക്കാട് വരെയും, തൃശൂർ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും, മലപ്പുറം കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെയും ജാഗ്രതാ നിർദേശമുണ്ട്.

കോഴിക്കോട് ചോമ്പാല എഫ്.എച്ച് മുതൽ രാമനാട്ടുകര വരെയും, കണ്ണൂർ വളപട്ടണം മുതൽ ന്യൂമാഹി വരെയും, കാസർകോട് കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും പ്രത്യേക ജാഗ്രത പാലിക്കണം.

കേരളത്തിന് പുറമെ തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags

Share this story