സ്‌കൂൾ പരിസരത്തെ സ്‌ഫോടനം: ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്ന് സ്‌ഫോടക ശേഖരം പിടികൂടി

ആർഎസ്എസ് നിയന്ത്രണത്തിലുള്ള പാലക്കാട് വടക്കതറയിലുള്ള വ്യാസ വിദ്യ പീഠം സ്‌കൂൾ വളപ്പിൽനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ കേസിൽ നിർണായക വഴിത്തിരിവ്. കല്ലേക്കാട് പൊടിപാറയിൽ സുരേഷ് എന്ന ആളുടെ വീട്ടിൽ നിന്ന് കൂടുതൽ സ്ഫോടക വസ്തുക്കൾ പോലീസ് പിടികൂടി. 24 ഇലക്ട്രിക് ഡിറ്റനേറ്ററും 12 സ്‌ഫോടക വസ്തുക്കളുമാണ് പിടികൂടിയത്.
സുരേഷ് ആർഎസ്എസ് ബിജെപി പ്രവർത്തകനെന്ന് സിപിഎമ്മും കോൺഗ്രസും ആരോപിച്ചു. എന്നാൽ സുരേഷിന് പാർട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി പറയുന്നു. വ്യാസ വിദ്യ പീഠം സ്‌കൂൾ വളപ്പിൽനിന്ന് ഉഗ്രസ്ഫോടകവസ്തുക്കൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട പരിശോധനയിലാണ് കണ്ടെത്തൽ. എന്നാൽ സുരേഷ് ബിജെപി പ്രവർത്തകനാണെന്ന് പോലീസ് പറയുന്നു.
ഓഗസ്റ്റ് 20ന് വൈകിട്ടാണ് വ്യാസ വിദ്യ പീഠം സ്‌കൂൾ പരിസരത്തു സ്ഫോടനമുണ്ടാകുന്നത്. പത്തുവയസുകാരനും വയോധികക്കും പരുക്കേറ്റു. അന്വേഷണത്തിലാണ് സംഭവവുമായി ബന്ധപ്പെട്ട് നൗഷാദ്, ഫാസിൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തിൽ നിന്നാണ് ഇന്ന് രാവിലെ സുരേഷിന്റെ വീട്ടിലേക്ക് പോലീസ് എത്തിയത്.