ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്: പക്ഷേ, ഇത്തവണ പ്രാദേശിക അവധിയില്ല

കുട്ടനാട്

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്കൊരുങ്ങി പമ്പയാര്‍. രാജപ്രമുഖന്‍ ട്രോഫിക്കായി ഏഴ് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ നിരവധി വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വള്ളംകളി. ഇതോടെ കേരളത്തിലെ ജലോത്സവ സീസണുകള്‍ക്ക് തുടക്കമാകും. ഡിസംബര്‍ വരെ കേരളത്തിലാകമാനം വള്ളംകളികള്‍ നടക്കും.

അതേസമയം, വള്ളംകളിയോടനുബന്ധിച്ച് പ്രാദേശിക അവധി അനുവദിക്കാത്തതിലെ പ്രതിഷേധവും ശക്തമാണ്. നിയമസഭയില്‍ അവധി സംബന്ധിച്ച റെജി ചെറിയാന്റെ ചോദ്യത്തിനോടുള്ള മുഖ്യമന്ത്രിയുടെ മറുപടി വിവാദമായിരുന്നു. മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണം എന്നായിരുന്നു യുഡിഎഫ് എംഎല്‍എ റെജി ചെറിയാന്റെ സബ്മിഷന്‍. വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് അവധി അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കും എന്നായിരുന്നു സതീശന്‍ മറുപടി നല്‍കിയത്. ഇതിന് ശേഷം സീറ്റില്‍ ഇരുന്നതിന് പിന്നാലെ 'ഒരു കാരണവശാലും കൊടുക്കില്ല' എന്നായിരുന്നു സതീശന്‍ പറഞ്ഞത്.

ഇത് മൈക്കിലൂടെ പുറത്തുവന്നു. വിഷയം സിപിഐഎം ഏറ്റെടുത്തു. വി ഡി സതീശനെ പരിഹസിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ അടക്കമുള്ളവര്‍ രംഗത്തെത്തി. 'ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യത' എന്നായിരുന്നു കെ യു ജനീഷ് കുമാർ പറഞ്ഞത്.

സംഭവത്തില്‍ പ്രതികരിച്ച് റെജി ചെറിയാനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ വിഷമം തോന്നിയെന്ന് എംഎല്‍എ പറഞ്ഞു. താനും ഒരു മനുഷ്യന്‍ ആണല്ലോ. കന്നി സബ്മിഷനില്‍ തന്നെ ഇങ്ങനെ ഉണ്ടായതില്‍ വിഷമമുണ്ട്. പ്രചരിക്കുന്നത് യഥാര്‍ത്ഥ വീഡിയോ ആണോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കുട്ടനാടിന് വേണ്ടിയാണ് അവധി ചോദിച്ചത്. വ്യക്തിപരമായ കാര്യത്തിന് ചോദിച്ച അവധി അല്ല. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത് എന്ത് സാഹചര്യത്തിലാണെന്ന് അറിയില്ല. എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് മുഖ്യമന്ത്രിയോട് ചോദിക്കും. വരും ദിവസങ്ങളില്‍ അത് ചോദിച്ചിരിക്കും. മൂലം വള്ളംകളിയുടെ പ്രാധാന്യം മനസ്സിലാക്കും എന്നാണ് പ്രതീക്ഷ. സര്‍ക്കാരിന്റെ ഭാഗമായി നടക്കുന്ന വള്ളംകളി തന്നെയാണ് മൂലം വള്ളംകളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അവധി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നായിരുന്നു ഇന്നലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്.
ഇതുവരെ അവധി ചോദിക്കാന്‍ പോലും ഒരു ജനപ്രതിനിധിയില്ലായിരുന്നു. ഇത് സര്‍ക്കാരിനെതിരെ വള്ളംകളിയുടെ പേരില്‍ പ്രതിഷേധിക്കുന്നവര്‍ മനസ്സിലാക്കണം. ഇത്തവണ കിട്ടിയില്ലെങ്കില്‍ അടുത്തവര്‍ഷമെങ്കിലും കിട്ടും.
കുട്ടികള്‍ അടക്കം ഉള്ളവരുടെ ആഗ്രഹമാണ്. സബ്മിഷന് അങ്ങനെ പ്രതികരിച്ചത് എന്താണെന്ന് മുഖ്യമന്ത്രിയോട് താന്‍ ഉറപ്പായും നേരിട്ട് ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags

Share this story